ശിവശങ്കറിനെതിരെയുള്ള റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് മുക്കിയെന്ന്
Saturday, October 31, 2020 2:27 AM IST
കണ്ണൂർ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെക്കുറിച്ച് ആറു മാസം മുന്പ് സംസ്ഥാന ഇന്റലിജൻസ് വിഭാഗം നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് മുക്കിയെന്ന് ആരോപണം.
റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറാതെ ഓഫീസിലെ വിശ്വസ്തനായ വടകര സ്വദേശി പൂഴ്ത്തിവച്ചുവെന്നാണ് ആരോപണം.. ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറാത്ത സംഭവത്തെക്കുറിച്ച് സിപിഎം പാർട്ടിതലത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വടകര സ്വദേശികളായ രണ്ടുപേർ ചേർന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതെന്ന് സിപിഎമ്മിൽ ചർച്ചയായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരാൾ സംസ്ഥാനത്തെ ഒരു ഐപിഎസ് ഉദ്യോഗസ്ഥനുമായി ചേർന്ന് ആഭ്യന്തരവകുപ്പമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകൾ നടത്തുന്നതായും ആരോപണമുണ്ട്. ആഭ്യന്തരവകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ടും വടകര സ്വദേശികൾക്കെതിരേ അഴിമതി ആരോപണങ്ങൾ ഉയർന്നുവരുന്നുണ്ട്.