പൊതുവാഹനങ്ങളില്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഉപകരണം ജനുവരി മുതല്‍
Tuesday, November 24, 2020 11:56 PM IST
കൊച്ചി: കേരളത്തില്‍ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഉപകരണവും എമര്‍ജന്‍സി ബട്ടണും സ്ഥാപിക്കണമെന്ന കേരള മോട്ടോര്‍ വാഹന ചട്ട ഭേദഗതി 2021 ജനുവരി ഒന്നു മുതല്‍ നടപ്പാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്കി. കേരളത്തില്‍ സര്‍വീസ് നടത്തുന്ന ബസുകളിലും ടാക്സികളിലുമൊക്കെ ഈ ഉപകരണങ്ങള്‍ ഘടിപ്പിക്കേണ്ടി വരും. വാഹനങ്ങള്‍ ഓരോ സമയത്തും എവിടെയെത്തിയെന്ന് അധികൃതര്‍ക്ക് കണ്ടെത്താൻ ഉപകരിക്കുന്നതാണു വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസ് (വിഎല്‍ടിഡി).
എമര്‍ജന്‍സി ബട്ടൺ ഉപയോഗിച്ച് അടിയന്തര സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ നിർത്താന്‍ യാത്രക്കാര്‍ക്ക് ആവശ്യപ്പെടാനാകും.
സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഉത്തരവ് കാലാതാമസമില്ലാതെ നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കി.