പണിമുടക്കിൽ ജനജീവിതം സ്തംഭിച്ചു
Friday, November 27, 2020 3:02 AM IST
തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്കിൽ സംസ്ഥാനത്തെ ജനജീവിതം സ്തംഭിച്ചു. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല. ഓട്ടോറിക്ഷകളും റോഡിലിറങ്ങിയില്ല. സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ, ബിഎസ്എൻഎൽ എന്നിവിടങ്ങളിലെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തു. വ്യാപാര സ്ഥാപനങ്ങൾ പൂർണമായി അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ വളരെ കുറച്ചു മാത്രമേ നിരത്തിലിറങ്ങിയുള്ളൂ.
പണിമുടക്കിയ ജീവനക്കാർ തിരുവനന്തപുരത്ത് കോവിഡ് മാനദണ്ഡപ്രകാരം ധർണ നടത്തി. പിഎംജിയിൽ ചേർന്ന സംസ്ഥാനതല സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.