മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് നിയമനം റദ്ദാക്കി
Sunday, November 29, 2020 12:48 AM IST
കൊച്ചി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് നിയമനത്തിനായി സെലക്ഷ ന് കമ്മിറ്റി നടത്തിയ ഇന്റര്‍വ്യൂ റദ്ദാക്കിയ ഹൈക്കോടതി, പുതിയ ഇന്റര്‍വ്യു നടത്തി നിയമനം നടത്താന്‍ ഉത്തരവിട്ടു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനായി എ.ബി. പ്രദീപ് കുമാറിനെ നിയമിച്ചതു നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നാരോപിച്ചു തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ.എസ്. ഗോവിന്ദന് നായര്‍ നല്കിയ ഹര്‍ജിയിലാണ് തീരുമാനം.
പുതിയ നിയമനം നാലുമാസത്തിനുള്ളില്‍ നടത്തണമെന്നും അതുവരെ എ.ബി. പ്രദീപ് കുമാറിനു പദവിയില്‍ തുടരാമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.
ഓഗസ്റ്റ് 21 നാണ് ബോര്‍ഡ് ചെയര്‍മാനായി എ.ബി. പ്രദീപ് കുമാര്‍ നിയമിതനായത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് സ്ഥാനത്തേക്കു നിയമനം നടത്താന്‍ കഴിഞ്ഞ മേയ് അഞ്ചിനാണ് അപേക്ഷ ക്ഷണിച്ചത്. 23 അപേക്ഷകള്‍ ലഭിച്ചതില്‍ പരിശോധന നടത്തി മതിയായ യോഗ്യതയുള്ള 17 പേരെ കണ്ടെത്തി. ഇതില്‍ ഹര്ജിക്കാരനടക്കുള്ളവരെ ഒഴിവാക്കി എട്ടുപേരെ മാത്രമാണ് ഇന്റര്‍വ്യൂവിനു വിളിച്ചത്.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഇവരില്‍നിന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ മുന്‍ എന്‍ജിനീയര്‍ എ.ബി. പ്രദീപ് കുമാറിനെ നിയമിക്കാന്‍ ശിപാര്‍ശ നല്‍കിയത്. മതിയായ യോഗ്യതയുള്ളവരെ ഇന്റര്‍വ്യൂ നടത്താതെ ഒഴിവാക്കാന്‍ സെലക്്ഷന്‍ കമ്മിറ്റിക്ക് അധികാരമില്ലെന്നും തങ്ങളെ ഒഴിവാക്കിയത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.