സ്പീക്കറുടെ നടപടി രാഷ്ട്രീയ പ്രേരിതം: പ്രതിപക്ഷ നേതാവ്
Wednesday, December 2, 2020 12:36 AM IST
തിരുവനന്തപുരം: ബാറുടമ ബിജുരമേശിന്റെ വെളിപ്പെടുത്തലിന്റെ പേരിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയ സ്പീക്കറുടെ നടപടി തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സ്പീക്കർ രാഷ്ട്രീയം കളിക്കാൻ നിൽക്കുന്ന പാവ മാത്രമാണ്. മുഖ്യമന്ത്രി പറയുന്നത് അനുസരിക്കുക എന്നതു മാത്രമാണു സ്പീക്കറുടെ ജോലി. അതിൽ പ്രത്യേകിച്ച് അദ്ഭുതത്തിന്റെ കാര്യമില്ല. അതുകൊണ്ടാണ് സ്പീക്കർക്കെതിരെ പ്രതിപക്ഷം നോട്ടീസ് കൊടുത്തതും.
സ്പീക്കറുടെ ഭാഗത്തു നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതു കണ്ടു പകച്ചുപോകുമെന്ന തെറ്റിദ്ധാരണയൊന്നും പിണറായി വിജയനു വേണ്ട. രണ്ടു തവണ അന്വേഷിച്ചു തള്ളിയ കേസാണിത്. സർക്കാരിന്റെ അഴിമതികൾക്കെതിരെ പ്രതിപക്ഷം നടത്തുന്ന പോരാട്ടങ്ങളോടുള്ള പ്രതികാരമാണ് ഈ അന്വേഷണം. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും തങ്ങൾ നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.