അടച്ചിട്ട മാസങ്ങളിലും ഹോസ്റ്റൽ വാടക: രക്ഷിതാക്കൾ മുഖ്യമന്ത്രിക്കു പരാതി നൽകി
Friday, January 15, 2021 11:59 PM IST
കോട്ടയം: കോവിഡ് വ്യാപന സമയത്ത് അടച്ചിട്ട ഹോസ്റ്റലുകളുടെ വാടക പിഴയടക്കം നൽകണമെന്ന ഹോസ്റ്റൽ അധികൃതരുടെ നടപടിയിൽ രക്ഷിതാക്കൾ മുഖ്യമന്ത്രിക്കു പരാതി നൽകി.
കോട്ടയം മെഡിക്കൽ കോളജ് ഫാർമസി വിദ്യാർഥിനികൾ താമസിക്കുന്ന കേരള ഹൗസിംഗ് ബോർഡിന്റെ വനിതാ ഹോസ്റ്റലിലാണ് സംഭവം. കഴിഞ്ഞ മാർച്ച് 22 മുതൽ കോളജിനും ഹോസ്റ്റലിനും അവധി നൽകിയിരുന്നു. തുടർന്ന് ഡിസംബർ അവസാനവാരമാണു ക്ലാസുകൾ പുനരാരംഭിച്ചത്.
കഴിഞ്ഞ ആഴ്ചയിൽ വിദ്യാർഥിനികൾ എത്തിയപ്പോഴാണ് ജൂലൈ മുതൽ ഡിസംബർവരെയുള്ള ഭക്ഷണം, വൈദ്യുതി ചാർജ് ഉൾപ്പെടെയുള്ള ഹോസ്റ്റൽ വാടക അടയ്ക്കാൻ ഹോസ്റ്റൽ അധികൃതർ ആവശ്യപ്പെട്ടത്. തുടർന്ന് ജൂലൈ മുതൽ നവംബർ വരെയുള്ള ഫീസ് പിഴ സഹിതവും ഡിസംബർ മാസത്തിലെ ഫീസ് പിഴകൂടാതെയും അടയ്ക്കേണ്ടി വന്നു. ഫീസ് കുടിശിക പിഴയടക്കം നൽകണമെന്ന ഹോസ്റ്റൽ അധികൃതരുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും, ജില്ലാ കളക്ടർക്കും പരാതി നൽകിയിരിക്കുകയാണു വിദ്യാർഥിനികളുടെ രക്ഷിതാക്കൾ.