ബോളീൻ മോഹനൻ ലണ്ടനിൽ കോവിഡ് ബാധിച്ചു മരിച്ചു
Sunday, January 17, 2021 12:21 AM IST
തിരുവനന്തപുരം: പ്രമുഖ വ്യവസായിയും മലയാളിയുമായ ബോളീൻ മോഹനൻ കോവിഡ് ബാധിച്ച് ലണ്ടനിൽ മരിച്ചു. ഈസ്റ്റ് ലണ്ടനിലെ എൻഎച്ച്എസ് ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്.
കൊല്ലം കരുനാഗപ്പള്ളി കൊച്ചയ്യത്ത് പരേതരായ കെ.കെ.കുമാരൻ വൈദ്യന്റെയും കനകലതയുടെയും മകനാണ്. ലണ്ടൻ ഈസ്റ്റ് ഹാമിൽ ഹരിശ്രീ എന്ന പേരിൽ ഇന്ത്യൻ റസ്റ്ററന്റ് തുടങ്ങിയാണ് ബിസിനസ് ആരംഭിച്ചത്. 1992-ൽ ഏറ്റവും ശുചിത്വമേറിയതും സേവത്തിനുമുള്ള റസ്റ്ററന്റിനുള്ള ബ്രിട്ടീഷ് സർക്കാരിന്റെ അവാർഡ് ലഭിച്ചു. ഈസ്റ്റ്ഹാമിൽ ഫുട്ബോൾ സ്റ്റേഡിയത്തിന് സമീപത്തായി ബോളീൻ എന്ന പേരിൽ സിനിമാ തിയറ്റർ കോംപ്ലക്സ് ആരംഭിച്ച മോഹനൻ ഹോട്ടൽ മണി എക്സ്ചേഞ്ച്, ട്രാവൽ ഏജൻസി, കോണ്ടിനെന്റൽ സൂപ്പർ മാർക്കറ്റ് മുതലായ സ്ഥപനങ്ങൾ തുടങ്ങി വ്യവസായ സംരംഭങ്ങളിൽ വൻമുന്നേറ്റം നടത്തി.
ഭാര്യ സുശീല മോഹനൻ (ലണ്ടൻ).മക്കൾ: ഹരിനാരായണൻ(ടൈനിട്ടോയിസ്, തിരുവനന്തപുരം), ശ്രീലക്ഷ്മി വരുണ്നാഥ് (വേദാനിശി സിൽക്സ്, തിരുവനന്തപുരം). മരുമക്കൾ: വരുണ്നാഥ് (അമീസ് അസോസിയേഷൻ തിരുവനന്തപുരം), പ്രസീദ ഹരിനാരായണൻ.