മാർ സ്ലീവ ജേർണർ ഓഫ് മെഡിസിൻ പുറത്തിറക്കി
Thursday, January 21, 2021 12:56 AM IST
പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മെഡിക്കൽ റിസർച്ച് ജേർണൽ ’മാർ സ്ലീവാ ജേർണൽ ഓഫ് മെഡിസിൻ’ പുറത്തിറക്കി. ഇന്നലെ വൈകുന്നേരം ആശുപത്രിയിൽ നടന്ന ചടങ്ങിൽ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസിന് ആദ്യ കോപ്പി നൽകി പ്രകാശനകർമം നിർവഹിച്ചു. മാർ സ്ലീവാ ജേർണൽ ഓഫ് മെഡിസിൻ എന്നത് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മയുടെയും ഐക്യത്തിന്റെയും പ്രതീകവും ആശുപത്രിയുടെ വളർച്ചയുടെയും ഉയരുന്ന നിലവാരത്തിന്റെയും തെളിവുമാണെന്നും ബിഷപ് പറഞ്ഞു.
മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അക്കാഡമിക് വിഭാഗത്തിന്റെ കീഴിലാണ് മെഡിക്കൽ റിസർച്ച് ജേർണൽ ആരംഭിച്ചത്. ആശുപത്രിയിൽ സേവനം ചെയ്തു വരുന്ന ഡോക്ടർമാരുടെ മെഡിക്കൽ ലേഖനങ്ങളുടെ സമാഹാരമാണ് ഒന്നാം പതിപ്പിൽ അടങ്ങിയിരിക്കുന്നത്.
വർഷത്തിൽ രണ്ടു തവണ പുറത്തിറക്കാൻ പദ്ധതിയുള്ള ഈ ജേർണലിൽ വിവിധ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ നിന്നുള്ള 30 ഓളം ലേഖനങ്ങളാണുള്ളത്. ചടങ്ങിൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസ്, അക്കാഡമിക് ഡയറക്ടർ ഡോ. ജോസഫ് പര്യാത്ത്, മറ്റ് ആശുപത്രി ഡയറക്ടർമാർ, ജേർണൽ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ ഡോ. ജോയി മാണി, ഡോ. മഞ്ജുള രാമചന്ദ്രൻ, ഡോ. പി. ജേക്കബ് ജോർജ്, ഡോ. സണ്ണി ജോൺ, ഡോ. ജിസ് തോമസ്, ഡോ. ഗീതു ആന്റിണി എന്നിവർ പങ്കെടുത്തു.