പോലീസ് റാങ്ക് ലിസ്റ്റുകാരെ കൈയൊഴിഞ്ഞ് മുഖ്യമന്ത്രി
Friday, February 26, 2021 12:56 AM IST
തിരുവനന്തപുരം: സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി ഏതു ഘട്ടത്തിലും ചർച്ച ചെയ്യാൻ സർക്കാർ ഒരുക്കമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, പോലീസ് റാങ്ക് ലിസ്റ്റുകാരുടെ കാര്യത്തിൽ സർക്കാരിന് നിയമപരമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത ഡിസംബർ വരെ ഉണ്ടാകുന്ന ഒഴിവുകൾ കൂടി മുൻകൂട്ടി കണക്കിലെടുത്തു നിയമനം നടത്തിയ ശേഷമാണു ലിസ്റ്റ് റദ്ദാകുന്നത്. അതു പുനഃ സ്ഥാപിക്കാനാകില്ല. ഉദ്യോഗാർഥികൾ ഈ ലിസ്റ്റിലുള്ളവർ മാത്രമല്ല. പിഎസ്സി ലിസ്റ്റിൽ കയറിപ്പറ്റാൻ ലക്ഷക്കണക്കിനു ചെറുപ്പക്കാരും ഈ നാട്ടിലുണ്ട്. അവരുടെ താത്പര്യം സംരക്ഷിക്കാനുള്ള ബാധ്യതയും സർക്കാരിനുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.