രാജ്യത്തെ കോർപറേറ്റുകൾക്കു പതിച്ചു നൽകി: എസ്ആർപി
Saturday, February 27, 2021 12:41 AM IST
തൃശൂർ: നരേന്ദ്ര മോദി സർക്കാർ കോർപറേറ്റുകൾക്ക് രാജ്യം പതിച്ചുനൽകിയെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. കോവിഡ് കാലത്തും നൂറോളം ശതകോടിശ്വരൻമാരെ കൂടുതൽ സമ്പന്നരാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ നയിച്ച വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനം തേക്കിൻകാട് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലയെ തകർക്കുന്ന കാർഷിക ബില്ലിനെതിരേ ദിവസേന സമരം ശക്തമാകുകയാണ്. ബാബറി മസ്ജിദ് തകർത്ത സ്ഥലത്തു സർക്കാർ ക്ഷേത്രം നിർമിക്കുന്നതിലൂടെ ന്യുനപക്ഷ വികാരത്തെ ചവിട്ടിത്തെറിപ്പിക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ തുടർഭരണം വരുന്നതു ദേശീയാടിസ്ഥാത്തിൽ ഇടതുപക്ഷ ബദൽ വളരാൻ സഹായകരമാകും. ജനങ്ങളുടെ പ്രശ്നങ്ങളിൽ പരിഹാരം കണ്ട സർക്കാരാണ് ഇടതുപക്ഷത്തിന്റേത്. മതത്തിൽ ഭരണവും ഭരണത്തിൽ മതവും ഇടപെടരുത്. അങ്ങനെ വന്നാൽ മതനിരപേക്ഷത തകരുമെന്നും എസ്ആർപി പറഞ്ഞു.
സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി. ബാലചന്ദ്രൻ അധ്യക്ഷനായിരുന്നു. വികസന മുന്നേറ്റ ജാഥയിലെ ജനമുന്നേറ്റം ഭരണത്തുടർച്ചയുടെ കാഹളമാണെന്ന് ഇടതുമുന്നണി കണ്‍വീനർ എ. വിജയരാഘവൻ പറഞ്ഞു. ലോകത്തു വിദ്യാഭ്യാസം വാണിജ്യവത്കരിക്കുകയാണ്. കെ ഫോണ്‍ വരുന്നതോടെ വീട്ടിലിരുന്നു സ്ത്രീകൾക്കടക്കം തൊഴിലവസരം ഒരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.