രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഉത്തരവ് ചോദ്യംചെയ്ത് ഹര്‍ജി
Saturday, April 17, 2021 12:53 AM IST
കൊച്ചി: കേരളത്തില്‍ നിന്നുള്ള മൂന്നു രാജ്യസഭാംഗങ്ങളുടെ ഒഴിവുകള്‍ നികത്താന്‍ ഈ നിയമസഭയുടെ കാലാവധി പൂർത്തിയാകുന്ന മേയ് രണ്ടിനകം തെരഞ്ഞെടുപ്പു നടത്തണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഹര്‍ജി. പാലക്കാട് നെന്മാറ സ്വദേശി എ. ചന്ദ്രനാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീല്‍ നല്‍കിയത്.
നിയമസഭാ സെക്രട്ടറിയും എസ്. ശര്‍മ എംഎല്‍എയും നല്കിയ ഹര്‍ജികളിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
ഈ ഹര്‍ജിയില്‍ കക്ഷിയല്ലാതിരുന്ന എ. ചന്ദ്രന് നല്കിയ അപ്പീല്‍ അടുത്തയാഴ്ച ഡിവിഷന് ബെഞ്ച് പരിഗണിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നെന്മാറ മണ്ഡലത്തില്‍ നിന്ന് ബിഎസ്പി സ്ഥാനാര്‍ഥിയായി ചന്ദ്രന് മത്സരിച്ചിരുന്നു. മേയ് രണ്ടിനകം തെരഞ്ഞെടുപ്പു നടത്തണമെന്ന വിധിയിലൂടെ തെരഞ്ഞെടുപ്പു നടത്തിപ്പില്‍ ഇടപെടുകയാണ് സിംഗിള്‍ ബെഞ്ച് ചെയ്തതെന്നും പുതിയ നിയമസഭാംഗങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പു നടത്തണമെന്നും ഹര്‍ജിയില്‍ പറയുന്നു.
നിയമസഭയ്ക്കുവേണ്ടി ഹര്‍ജി നല്കാന് നിയമസഭാ സെക്രട്ടറിക്ക് അധികാരമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.