ലഹരി ഉപയോഗം തടയാനുള്ള നടപടി തുടരണമെന്നു ഹൈക്കോടതി
Sunday, April 18, 2021 1:55 AM IST
കൊച്ചി: യുവാക്കളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നതു തടയാനും ബോധവത്കരിക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ തുടരണമെന്ന് ഹൈക്കോടതി. ലഹരിമരുന്നുകളുടെ ഉപയോഗം സംസ്ഥാനത്തു വർധിച്ചു വരികയാണെന്നും തടയാനുള്ള നടപടികള്‍ ഫലപ്രദമല്ലെന്നും ആരോപിച്ച് ആലപ്പുഴ തൃച്ചേറ്റുകുളം സ്വദേശി രാജേഷ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിർദേശം നല്‍കിയത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിലവില്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തി രേഖപ്പെടുത്തിയ ഡിവിഷന് ബെഞ്ച് ഹര്‍ജിയിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.
നൂറു ഗ്രാം കഞ്ചാവ് കൈവശം വച്ചാലും ശിക്ഷ കിട്ടുമായിരുന്ന നിയമവ്യവസ്ഥയില്‍ മാറ്റം വരുത്തിയതിനെയും ഹര്ജിക്കാരന് ചോദ്യം ചെയ്തിരുന്നു. ചെറിയ അളവില്‍ ലഹരി മരുന്ന് കൈവശംവച്ചതിന് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമത്തിനെതിരേ കോടതികളുടെ വിമര്‍ശനം ഉണ്ടായതോടെയാണ് ഭേദഗതി വരുത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. തുടര്‍ന്നാണ് ഹര്‍ജിയിലെ തുടര്‍നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചത്.