മത്സ്യബന്ധന ബോട്ടില്‍നിന്ന് നാവികസേന 3000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
Tuesday, April 20, 2021 12:02 AM IST
കൊച്ചി: മത്സ്യബന്ധന ബോട്ടില്‍നിന്ന് ഇന്ത്യന്‍ നാവികസേന 3000 കോടി രൂപയുടെ മയക്കുമരുന്നു ശേഖരം പിടികൂടി.
അറബിക്കടലില്‍ നിരീക്ഷണം നടത്തുന്നതിനിടെ ഐഎന്‍എസ് സുവര്‍ണ എന്ന നാവിക കപ്പലിലെ സേനാംഗങ്ങൾ സംശയകരമായ നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
മുന്നൂറ് കിലോയോളം വരുന്ന മയക്കുമരുന്ന് എളുപ്പത്തിൽ കാണാത്ത വിധം ഒളിപ്പിച്ച നിലയിലായിരുന്നു. തുടര്‍ നടപടികള്‍ക്കായി ബോട്ടും മത്സ്യത്തൊഴിലാളികളെയും കൊച്ചി തുറമുഖത്ത് എത്തിച്ചു. അഞ്ചുപേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. എല്ലാവരും ശ്രീലങ്കന്‍ സ്വദേശികളാണ്. പാക്കിസ്ഥാനിലെ മക്രാന്‍ തീരത്തുനിന്നുമാണ് മയക്കുമരുന്നുകള്‍ ബോട്ടില്‍ കയറ്റിയതെന്നാണ് ബോട്ടിലെ തൊഴിലാളികള്‍ നല്കുന്ന വിവരം.
നാര്‍ക്കോട്ടിക് വിഭാഗവും ഇതര സുരക്ഷാ ഏജന്‍സികളും ഇവരെ ചോദ്യം ചെയ്യും. കഴിഞ്ഞ നവംബറില്‍ ലക്ഷദ്വീപിന് സമീപം 120 കിലോ ലഹരി മരുന്നുമായി തീരദേശ സേന ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ട് പിടികൂടിയിരുന്നു. മാര്‍ച്ചില്‍ രണ്ടു ഘട്ടങ്ങളിലായി 500 കിലോ മയക്കുമരുന്നും പിടികൂടിയിരുന്നു.