വാളയാറിൽ വൻ കഞ്ചാവുവേട്ട; പിടിച്ചെടുത്തത് ഒരു ടൺ
Thursday, April 22, 2021 12:08 AM IST
പാലക്കാട്: വാളയാർ അതിർത്തിയിൽ വൻ കഞ്ചാവ് വേട്ട. ചരക്കുലോറിയുടെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച ഒരു ടണ്‍ കഞ്ചാവു പിടിച്ചെടുത്തു. എക്സൈസ് സ്പെഷൽ സ്ക്വാഡാണ് കഞ്ചാവു വേട്ട നടത്തിയത്.
ആന്ധ്രയിൽ നിന്ന് കേരളത്തിലേക്കു കൊണ്ടുവന്ന കഞ്ചാവാണു പിടികൂടിയത്. വാഹനം കാലിയായിരുന്നു എന്നും രഹസ്യ വിവരത്തെ തുടർന്നാണു പരിശോധന നടത്തിയതെന്നും എക്സൈസ് അറിയിച്ചു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റുചെയ്തു.
പെരിന്തൽമണ്ണ മേലാറ്റൂർ എപ്പിക്കാട് സ്വദേശികളായ ബാദുഷ (26), ഫായിസ് (21) ഇടുക്കി ഉടുന്പൻചോല കട്ടപ്പന ജിഷ്ണു എന്ന ബിജു(24) എന്നിവരാണു പിടിയിലായത്.
വിശാഖപട്ടണത്തു നിന്ന് കേരളത്തിലേക്കു ക ഞ്ചാവു കടത്താൻ ശ്രമിക്കുന്നതിനിടെയാണു പാലക്കാട് അസിസ്റ്റന്റ് എക്സൈസ് സ്ക്വാഡും പാലക്കാട് എക്സൈസ് സെപ്ഷൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധയിൽ പ്രതികൾ പിടിയിലായത്.
ഇവർ സ്ഥിരമായി കഞ്ചാവും മറ്റു മയക്കുമരുന്നുകളും ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കു കടത്തി രഹസ്യ സങ്കേതത്തിൽ സൂക്ഷിച്ച് വില്പന നടത്തി വരികയാണെന്നും ഈ കഞ്ചാവ് സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിരിക്കാമെന്നും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും എഇസി സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ് അറിയിച്ചു.