കോളജ് അധ്യാപകര്‍ക്കു പ്രഫസര്‍ പദവിയിലെ ആനുകൂല്യങ്ങള്‍ നല്‍കണമന്നു ഹൈക്കോടതി
Thursday, April 22, 2021 12:08 AM IST
കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള പ്രഫസര്‍ പദവിയിലെ ആനുകൂല്യങ്ങള്‍ മൂന്നു മാസത്തിനകം നല്‍കണമെന്നു ഹൈക്കോടതി നിര്‍ദേശം നല്കി. 2018ല്‍ യുജിസി മാര്‍ഗനിര്‍ദേശം ഉണ്ടായിട്ടും പ്രഫസര്‍ പദവി നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ) സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായിരുന്ന ഡോ. കെ. ജോബി തോമസ്, ഡോ. ടി. മുഹമ്മദലി, ഡോ. ചെറിയാൻ ജോൺ എന്നിവരും ഡോ. എസ്. ജയശ്രീയും നൽകിയ ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ച് തീരുമാനം.
ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ കരിയര്‍ അഡ്വാന്‍സ്മെന്റ് പ്രമോഷന് എന്ന പേരില്‍ പ്രഫസര്‍ തസ്തികകള്‍ക്കു രൂപം നല്കാന് കഴിഞ്ഞ ഫെബ്രുവരി 20നു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് അസോസിയേറ്റ് പ്രഫസര്‍മാര്‍ക്കു പ്രഫസര്‍ പദവിയുടെ ആനുകൂല്യങ്ങള്‍ മൂന്നു മാസത്തിനകം നല്‍കാനാണ് കോളീജിയറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ക്കും കേരള സര്‍വകലാശാല, കാലിക്കറ്റ് യൂണിവേഴ്സിറ്റി തുടങ്ങിയവയ്ക്കും ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
വിധി നടപ്പാകുന്നതോടെ ഇതിനകം വിരമിച്ചവരുൾപ്പെടെ ആയിരക്കണക്കിന് അധ്യാപകർക്ക് പ്രഫസർഷിപ്പുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കും.