കോവിഡ് കൂട്ട പരിശോധന: പ്രതികൂലമായി ബാധിക്കുമെന്ന് കെജിഎംഒഎ
Friday, April 23, 2021 12:23 AM IST
തിരുവനന്തപുരം : സംസ്ഥാനത്തു കോവിഡ് കൂട്ട പരിശോധന നടത്താനുള്ള സർക്കാർ തീരുമാനം ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നു കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ). നിലവിലെ സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടിസ്ഥാന സൗകര്യം കൂടെ പരിഗണിക്കുന്പോൾ ഇതിന്റെ പ്രായോഗികതയിലും ശാസ്ത്രീയതയിലും കെജിഎംഒഎക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്.
ആർടിപിസിആർ പരിശോധന സംവിധാനങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറം പരിശോധനകളാണ് ഇപ്പോൾ ചെയ്യുന്നത്. പരിശോധന ഫലം വരാൻ ദിവസങ്ങൾ തന്നെ കാത്തിരിക്കേണ്ടി വരുന്നു. പരിശോധന സാന്പിൾ എടുക്കാനുള്ള മാനവ വിഭവശേഷിയും വകുപ്പിൽ പരിമിതമാണ്. ഈ വസ്തുതകൾ പരിഗണിക്കാതെ വീണ്ടും കൂട്ട പരിശോധന നടത്താനുള്ള ശ്രമം സർക്കാർ പരിശോധിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.