ഗ്ലോബൽ നഴ്സിംഗ് അവാർഡുമായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ
Tuesday, May 11, 2021 12:40 AM IST
കൊച്ചി: നഴ്സുമാരുടെ സേവനങ്ങൾക്ക് അംഗീകാരം നൽകുന്നതിനായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ആസ്റ്റർ ഗാർഡിയൻ ഗ്ലോബൽ നഴ്സിംഗ് അവാർഡ് പ്രഖ്യാപിച്ചു. 2.5 ലക്ഷം യുഎസ് ഡോളറാണ് അവാർഡ്. അവാർഡിന് www.saterguar diasn.com വഴി നാമനിർദ്ദേശങ്ങൾ നൽകാം. നഴ്സുമാർക്ക് നാമനിർദേശം സ്വയം സമർപ്പിക്കാം. മറ്റുള്ളവർക്കും നാമനിർദ്ദേശം നൽകാം. ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, യുഎസ്എ, കാനഡ, തെക്കേ അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ മേഖലയിൽ പ്രത്യേകം തിരിച്ചാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
നിശ്ചിത മാനദണ്ഡത്തെ അടിസ്ഥാനമാക്കിയുള്ള പ്രാഥമിക അവലോകനത്തിനു ശേഷം ഷോർട്ട്ലിസ്റ്റിൽ നിന്ന് 10 ഫൈനലിസ്റ്റുകളെ കണ്ടെത്തും. ജൂറിയുമായി അഭിമുഖങ്ങളും, ആശയവിനിമയങ്ങളും നടത്തുന്നതിനായി അവാർഡുദാന ചടങ്ങിന്റെ വേദിയിലേക്ക് കൊണ്ടുവരും. ഇവരിൽ നിന്ന് ജേതാക്കളെ കണ്ടെത്തും. 2.5 ലക്ഷം യുഎസ് ഡോളറിന്റെ ഒന്നാം സമ്മാനത്തിനു പുറമെ, മറ്റ് ഒന്പതു ഫൈനലിസ്റ്റുകൾക്കും സമ്മാനത്തുകയും, അവാർഡുകളും സമ്മാനിക്കും.