നിയമന ഉത്തരവ് ലഭിച്ച അധ്യാപകർക്ക് ജോലിയിൽ പ്രവേശിക്കാനുള്ള അനുമതി പരിഗണിക്കുമെന്നു മുഖ്യമന്ത്രി
Friday, June 11, 2021 1:03 AM IST
തിരുവനന്തപുരം: സ്കൂൾ തുറക്കാൻ വൈകുന്ന സാഹചര്യത്തിൽ പിഎസ്സിയുടെ നിയമന ഉത്തരവ് ലഭിച്ച അധ്യാപകർക്ക് ജോലിയിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്ന കാര്യം പരിഗണിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. സ്കൂൾ തുറക്കുന്പോൾ മാത്രമേ ഇവരെ സേവനത്തിൽ പ്രവേശിപ്പിക്കാനാകൂ എന്ന തീരുമാനം പുനഃപരിശോധിക്കേണ്ടിവരും.
കോവിഡ് വ്യാപനത്തെ തുടർന്ന് യഥാസമയം മത്സരപരീക്ഷകൾ നടത്താൻ പിഎസ്സിക്ക് കഴിയാത്ത സാഹചര്യമുണ്ടായെങ്കിലും. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനെയും നിയമന ശിപാർശ നൽകുന്നതിനെയും ഇത് ബാധിക്കില്ല. ഫെബ്രുവരി അഞ്ചിനും ഓഗസ്റ്റ് മൂന്നിനും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന റാങ്ക് ലിസ്റ്റുകൾ ഓഗസ്റ്റ് നാലു വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയുണ്ടാകും.
പ്രതീക്ഷിത ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്യാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. സീനിയോറിറ്റി തർക്കം, പ്രമോഷന് യോഗ്യരായവരുടെ അഭാവം എന്നിവ മൂലം റെഗുലർ പ്രമോഷനുകൾ തടസപ്പെടുന്ന കേസുകൾ കണ്ടെത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പധ്യക്ഷന്മാർക്ക് നിർദേശം നൽകി. മാറ്റിവച്ച പിഎസ്സി പരീക്ഷകളും ഇന്റർവ്യൂകളും കോവിഡ് വ്യാപന തീവ്രത കുറഞ്ഞാൽ ഉടനെ നടത്താൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.