കെടെറ്റ്, സെറ്റ് പരീക്ഷകളിലും ഇഡബ്ല്യുഎസ് സംവരണം നടപ്പാക്കണമെന്നാവശ്യം ശക്തം
Thursday, July 29, 2021 11:47 PM IST
തിരുവനന്തപുരം: സംവരണേതര വിഭാഗങ്ങളിൽ സാന്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്കുള്ള (ഇഡബ്ല്യുഎസ്) സംവരണം നിലവിൽ വന്നിട്ടും സംസ്ഥാനത്തെ നിരവധി യോഗ്യതാ പരീക്ഷകളിൽ ഇനിയും ഉൾപ്പെടുത്തിയിട്ടില്ല. ഇതുമൂലം ഈ ആനുകൂല്യം നിരവധി ഉദ്യോഗാർഥികൾക്കു നഷ്ടമാകുന്നു. സംസ്ഥാനത്തെ അടുത്ത ഇടയ്ക്ക് പരീക്ഷ നടക്കേണ്ട് കെ.ടെറ്റ്, സെറ്റ് പരീക്ഷകൾക്ക് ഇഡബ്ല്യുഎസ് സംവരണം നടപ്പാക്കിയിട്ടില്ല. ഇത് മൂലം സംവരണേതര വിഭാഗങ്ങളിലെ നിരവധി ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമാകുന്നു.
2017 ലെ സർക്കാർ ഉത്തരവ് പ്രകാരം ജനറൽ കാറ്റഗറിക്ക് കെ ടെറ്റ് പരീക്ഷയിൽ യോഗ്യത നേടാൻ 90 മാർക്ക് വേണം. എന്നാൽ സംവരണ ആനുകൂല്യം ഉള്ളവർക്ക് 82 മാർക്കാണ് യോഗ്യത. സംവരണേതര വിഭാഗങ്ങളിൽ സാന്പത്തീകമായി പിന്നോക്കം നില്ക്കുന്നവർക്കു കൂടി ഈ ആനുകൂല്യം ലഭിച്ചാൽ ഈ വിഭാഗത്തിൽ നിന്നുള്ള നിരവധി ആളുകൾക്ക് ഉപകാരപ്രദമാകും. കെ.ടെററ് പരീക്ഷാ ഫീസായി പൊതുവിഭാഗത്തിന് 500 രൂപ നല്കേണ്ടി വരുന്പോൾ ഇഡബ്യുഎസ് സംവരണാനുകൂല്യം ലഭിച്ചാൽ അത് 250 ആയി കുറയും. കേന്ദ്ര സർക്കാർ യുജിസി മുഖേനെ നടത്തുന്ന നെറ്റ് പരീക്ഷയ്ക്കും ഇഡബ്ല്യുഎസ് ആനുകൂല്യം നടപ്പാക്കുന്നുണ്ട്. അതിനാൽ എസ്സി,എസ്ടി വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഇഡബ്ല്യുഎസ് വിഭാഗത്തിനു ലഭിക്കുന്നു.
103 -ാം ഭരണഘടനാ ഭേതഗതിയിലൂടെ കൊണ്ടുവന്ന ഇഡബ്ല്യുഎസ് സംവരണം എസ്സി,എസ്ടി,ഒബിസി സംവരണങ്ങൾക്ക് ഒപ്പം പ്രാധാന്യമുള്ളതാണ്. സംസ്ഥാനത്ത് പല യോഗ്യതാ പരീക്ഷകളിലും ഇഡബ്ല്യുഎസ് ആനുകൂല്യം നടപ്പാക്കാൻ വൈകുന്പോഴും കേന്ദ്ര സർക്കാർ നടത്തുന്ന നീറ്റ് പരീക്ഷയിൽ സംവരണേതര വിഭാഗത്തിൽ സാന്പത്തികമായി പിന്നോക്കം നില്ക്കുന്നവർക്ക് മറ്റു സംവരണ വിഭാഗങ്ങൾക്കുനല്കുന്ന അതേ ആനുകൂല്യവും നല്കുന്നുണ്ട്. പിഎസ്സി പരീക്ഷയിൽ ഉൾപ്പെടെ പ്രായഇളവിന്റെ പരിധിയിലും ഇഡബ്ല്യുഎസ് വിഭാഗത്തെയും ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
തോമസ് വർഗീസ്