ധനകാര്യ വകുപ്പ് ഉത്തരവിറക്കിയില്ല; ശന്പളമില്ലാതെ ജീവനക്കാർ
Friday, July 30, 2021 1:50 AM IST
കണ്ണൂര്‍: ധനകാര്യവകുപ്പിന്റെ അനാസ്ഥ കാരണം ശമ്പളമില്ലാതെ സർക്കാർ ജീവനക്കാർ. ലാൻഡ് ട്രൈബ്യൂണലുകളുടെ മേല്ക്കോടതിയായി പ്രവർത്തിക്കുന്ന കണ്ണൂർ ലാൻഡ് അഥോറിറ്റി അപ്പലറ്റ് റിഫോംസ് ഓഫീസിലെ ജീവനക്കാരാണ് നാലുമാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്.
ഒരു ഡെപ്യൂട്ടി കളക്ടറും 15 ജീവനക്കാരുമാണ് ഇവിടെയുള്ളത്. സർക്കാർ സർവീസിലെ മറ്റു നിയമനങ്ങൾ പോലെ പിഎസ്സി പരീക്ഷ വഴി സർവീസിൽ പ്രവേശിച്ച ജീവനക്കാരാണിവരെങ്കിലും മറ്റു സർക്കാർ ഓഫീസുകളിൽനിന്നു വ്യത്യസ്തമായ ഓഫീസ് ഘടനയാണ് ഇവരുടെ ശമ്പളം കുടിശികയാകാൻ കാരണം.
സർക്കാർ സംവിധാനത്തിലെ ഓഫീസുകളുടെ പട്ടികയിൽ ലാൻഡ് അഥോറിറ്റി അപ്പലറ്റ് റിഫോംസ് ഓഫീസ് മറ്റ് ഓഫീസുകളെപ്പോലെ സ്ഥിരം ഓഫീസ് കാറ്റഗറിയിലല്ല ഉൾപ്പെടുന്നത്. ഒരിക്കൽ ഒരാവശ്യവുമായി ബന്ധപ്പെട്ട് ലാൻഡ് അഥോറിറ്റി അപ്പലറ്റ് ഓഫീസ് സ്ഥാപിച്ചാൽ പിന്നീട് ഇതിന്റെ കാലാവധി നീട്ടിനൽകുകയാണ് രീതി. അതുകൊണ്ടുതന്നെ ഓഫീസ് കാലാവധി നീട്ടിനൽകുന്നതിന് അനുസരിച്ച് ധനകാര്യ വകുപ്പ് ട്രഷറിയിൽ കത്ത് നൽകിയാൽ മാത്രമേ ഇവരുടെ ശമ്പളബിൽ പാസാകൂ.
ഓഫീസിന്റെ തുടര്‍ച്ചാ അനുമതി ആവശ്യപ്പെട്ട് മാര്‍ച്ചിൽ ലാൻഡ് അപ്പലറ്റ് അധികൃതർ ധനകാര്യവകുപ്പിന് കത്ത് നൽകിയിരുന്നെങ്കിലും ഓഫീസ് പ്രവർത്തനം ദീർഘിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ഉത്തരവിറക്കിയിട്ടില്ല. കണ്ണൂരിനുപുറമേ തൃശൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലാണ് മറ്റ് ലാൻഡ് അപ്പലറ്റ് റിഫോംസ് ഓഫീസുകളുള്ളത്.