മാനസയുടെ മരണം ദുഃഖിതനാക്കിയെന്ന്; യുവാവ് തൂങ്ങിമരിച്ച നിലയിൽ
Monday, August 2, 2021 1:57 AM IST
ചങ്ങരകുളം: മലപ്പുറം ജില്ലയിലെ വളയംകുളത്ത് യുവാവിനെ വീട്ടിനകത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്നും കോതമംഗലത്തു വെടിയേറ്റു മരിച്ച മാനസയുടെ മരണം തന്നെ ഏറെ ദുഃഖിതനാക്കിയെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നോടെയാണ് സംഭവം.
വളയംകുളം മനക്കൽകുന്നിൽ താമസിക്കുന്ന പരേതനായ പടിഞ്ഞാറയിൽ കോരൻകുട്ടിയുടെ മകൻ വിനീഷി(33)നെയാണ് വീടിന്റെ അടുക്കള ഭാഗത്തായി തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അമ്മ ചന്ദ്രികയോടൊപ്പം തനിച്ചാണ് വിനീഷ് താമസിച്ചിരുന്നത്. സംഭവസമയത്ത് വിനീഷ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മരണവിവരമറിഞ്ഞ പ്രദേശവാസികളാണ് പോലീസിനെ അറിയിച്ചത്. വിനീഷ് അവിവാഹിതനാണ്.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. സഹോദരങ്ങൾ: വിജിത, വിജീഷ്.