വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം
Saturday, September 11, 2021 12:32 AM IST
കൊല്ലം: വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്നു കുറ്റപത്രം. ആത്മഹത്യപ്രേരണയടക്കം ഒന്‍പത് വകുപ്പുകൾ ചുമത്തിയാണ് 500 പേജുള്ള കുറ്റപത്രം നൽകിയിരിക്കുന്നതെന്നു കൊല്ലം റൂറൽ എസ് പി കെ.ബി. രവി പറഞ്ഞു. കേസിൽ 102 സാക്ഷികളും 92 റിക്കാർഡുകളും 56 തൊണ്ടിമുതലുകളുമുണ്ട്. ഡിജിറ്റൽ തെളിവുകൾ തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മാധ്യമങ്ങളുടെ പിന്തുണ പ്രശംസനീയമായിരുന്നുവെന്നും ഡിവൈഎസ്പി രാജ് കുമാർ പറഞ്ഞു.
സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം ശാസ്താംകോട്ടയിലെ ഭർതൃഗൃഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്ത് 90 ദിവസം തികയും മുമ്പാണ് കുറ്റപത്രം നൽകുന്നത്. വിസ്മയയുടെ ഭർത്താവും മോട്ടോർ വാഹന വകുപ്പ് മുൻ ജീവനക്കാരനുമായ കിരൺകുമാർ മാത്രമാണ് കേസിലെ പ്രതി. ആത്മഹത്യാ പ്രേരണ ഉള്‍പ്പെടെ ഒന്‍പത് വകുപ്പുകള്‍ കുറ്റപത്രത്തിൽ കിരണിനെതിരേ ചുമത്തിയിട്ടുണ്ടെന്നാണ് സൂചന.
ശാസ്താംകോട്ട ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. വിസ്മയയുടെ മരണത്തിന് പിന്നാലെ അറസ്റ്റിലായ കിരൺകുമാർ ഇപ്പോഴും ജയിലിൽ തുടരുകയാണ്. ഭർത്താവ് കിരൺകുമാർ ജാമ്യത്തിൽ ഇറങ്ങുന്നത് തടയാനാണാണ് 90 നാൾ തികയുംമുമ്പ് കുറ്റപത്രം സമർപ്പിക്കാൻ പോലീസ് തീരുമാനിച്ചത്.
കുറ്റപത്രം സമർപ്പിക്കപ്പെട്ടാല്‍ കേസിലെ വിചാരണ കഴിയുംവരെ കിരൺകുമാർ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത മങ്ങും. വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ തന്നെയാണ് കുറ്റപത്രത്തിൽ കിരണിന് എതിരായ മുഖ്യതെളിവ് ആവുക. വിസ്മയ കടുത്ത മാനസിക പീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
വിസ്മയയുടെ മൃതശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ധര്‍, വിസ്മയയുടെ സുഹൃത്തുകള്‍, ബന്ധുക്കള്‍ എന്നിവരടങ്ങുന്നതാണ് സാക്ഷിപട്ടിക. സ്ത്രീധന പീഡനവും സ്ത്രീപീഡനവും ഉൾപ്പെടെ ഏഴ് വകുപ്പുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിരൺകുമാറിന്റെ ബന്ധുക്കൾക്കെതിരേയും വിസ്മയയുടെ കുടുംബം ആരോപണമുന്നയിച്ചിരുന്നു. എങ്കിലും തത്കാലം മറ്റൊരേയും പ്രതി ചേർക്കേണ്ടെന്നാണ് പോലീസ് തീരുമാനം.