കോഴിക്കോട്ട് യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി
Saturday, September 11, 2021 1:12 AM IST
കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ നാലുപേർ ചേർന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കി. പ്രണയം നടിച്ചുകൊണ്ടുവന്നു മയക്കുമരുന്നു നല്‍കിയായിരുന്നു പീഡനം.
യുവതിയെ പീഡിപ്പിച്ച അത്തോളി സ്വദേശികളായ അജ്നാസ് (36), ഫഹദ് (36) എന്നിവരെ മെഡിക്കൽ കോളജ് അസി. കമ്മീഷണർ കെ. സുദർശന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുന്ന രണ്ടുപേർക്കായുള്ള അന്വേഷണം ഊർജിതമാക്കി.
പ്രതി അജ്നാസാണ് കൊല്ലം സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയെ പരിചയപ്പെട്ടത്. പ്രണയം നടിച്ച് ഇവരെ ചേവരമ്പലത്തെ ഫ്ലാറ്റിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ കൊല്ലത്തുനിന്നു ട്രെയിനിൽ പുറപ്പെട്ട യുവതി രാത്രിയോടെ കോഴിക്കോട്ടെത്തി. അജ്നാസാണ് ഇവരെ ഫ്ലാറ്റിലെത്തിച്ചത്. പിന്നാലെ ഫഹദിനെയും മറ്റു രണ്ടു സുഹൃത്തുക്കളെയും വിളിച്ചുവരുത്തി.
യുവതിക്കു മദ്യം നൽകിയശേഷം മയക്കുമരുന്നു ചേർത്ത സിഗരറ്റും നൽകി. തുടർന്നു നാലുപേരും യുവതിയെ കൂട്ടമാനഭംഗത്തിനിര യാക്കുകയായിരുന്നു. അവശയായ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ എത്തുമ്പോഴേക്കും ഇവർ ബോധരഹിതയായിരുന്നു.
ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേവായൂർ പോലീസ് കേസെടുത്തു. പ്രതികളെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.