ഒറ്റമുറിജീവിതം കഴിഞ്ഞു, റഹ്മാനും സജിതയും ഒന്നായി
Thursday, September 16, 2021 12:35 AM IST
നെന്മാറ: പത്തുവർഷത്തെ ഒറ്റമുറിജീവിതം കൊണ്ട് നാടറിഞ്ഞ കമിതാക്കളായ റഹ്മാനും സജിതയും ഒടുവിൽ വിവാഹിതരായി. നെന്മാറ സബ് രജിസ്ട്രാർ ഓഫീസ് പരിസരത്തു നടന്ന ഹ്രസ്വമായ ചടങ്ങിൽ കെ.ബാബു എംഎൽഎ ദന്പതികളെ പൂച്ചെണ്ടു നൽകി അഭിനന്ദിച്ചു.
സ്വന്തമായ ഒരു വീടെന്ന ദന്പതികളുടെ ആഗ്രഹത്തിനടക്കം എല്ലാ പിന്തുണയും എംഎൽഎ വാഗ്ദാനം ചെയ്തു. സജിതയുടെ മാതാപിതാക്കൾ ചടങ്ങിനെത്തിയിരുന്നു. റഹ്മാന്റെ വീട്ടുകാരാരും പങ്കെടുത്തില്ല.
പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്പെഷൽ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹം.ഒളിജീവിതം കഴിഞ്ഞ് ഇരുവരും വിത്തനശേരിയിലെ വാടകവീട്ടിൽ ഒന്നിച്ചുകഴിയുകയായിരുന്നു.
വീടു വയ്ക്കുന്നതിനും സാന്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും വിവാഹ രജിസ്ട്രേഷൻ ആവശ്യമായിരുന്നു. ഇതനുസരിച്ചാണ് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ വിവാഹം നടത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
പോലീസ്, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, യുവജന കമ്മീഷൻ എന്നിവരുടെ അന്വേഷണത്തിൻമേലുള്ള നിയമനടപടികൾ ഒഴിവാക്കിത്തരണമെന്നു റഹ്മാനും സജിതയും ആവശ്യപ്പെട്ടു.