സർക്കാർ ജീവനക്കാരുടെ ക്വാറന്റൈൻ സ്പെഷൽ കാഷ്വൽ ലീവ് ഏഴു ദിവസം
Friday, September 17, 2021 12:49 AM IST
തിരുവനന്തപുരം: സർക്കാർ, അർധസർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ് ക്വാറന്റൈൻ സ്പെഷൽ കാഷ്വൽ ലീവ് ഏഴു ദിവസമാക്കി സർക്കാർ ഉത്തരവിറക്കി.
കോവിഡ് പോസിറ്റീവ് ആയവരും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ജീവനക്കാരും പൊതുഅവധികൾ ഉൾപ്പെടെ ഏഴു ദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയാൽ ഓഫീസിൽ ഹാജരാകണം. ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക കാഷ്വൽ അവധി അനുവദിക്കും.
പ്രാഥമിക സമ്പർക്കപട്ടികയിൽ വന്ന ജീവനക്കാരൻ മൂന്നു മാസത്തിനിടയിൽ കോവിഡ് രോഗമുക്തനായ വ്യക്തിയാണെങ്കിൽ ക്വാറന്റൈനിൽ പോകേണ്ടതില്ല. ഇവർ കോവിഡ് നിർദേശങ്ങൾ പാലിച്ചും രോഗലക്ഷണങ്ങൾക്ക് സ്വയം നിരീക്ഷണത്തിൽ ഏർപ്പെട്ടും ഓഫീസിൽ ഹാജരാകുകയും രോഗലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടുകയും വേണം.
കോവിഡ് മൂർച്ഛിച്ച് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരുന്ന ജീവനക്കാർക്ക് ആശുപത്രി രേഖകളുടെ അടിസ്ഥാനത്തിൽ ചികിത്സ കാലയളവ് മുഴുവൻ സ്പെഷൽ കാഷ്വൽ ലീവ് അനുവദിക്കും.