വൈദികർക്കു വേണ്ടിയുള്ള പഞ്ചദിന വെബിനാർ ഇന്നു മുതൽ
Sunday, September 19, 2021 11:22 PM IST
കോട്ടയം: വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെ വജ്ര ജൂബിലിയുടെയും പൗരസ്ത്യ വിദ്യാപിഠത്തിന്റെ റൂബി ജൂബിലിയുടെയും ഭാഗമായി സെമിനാരിയിൽനിന്നു പരിശീലനം പൂർത്തിയാക്കി വൈദികശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന വൈദികർക്കായി വെബിനാർ നടത്തുന്നു.
ഇന്നു മുതൽ 24 വരെ “അജപാലന രംഗത്തെ വെല്ലുവിളികളോടുള്ള പ്രതികരണങ്ങൾ” എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് വെബിനാർ നടത്തുന്നത്.
1968 മുതൽ 2020 വരെയുള്ള ബാച്ചുകളിലെ വൈദികർ വ്യത്യസ്ത ദിവസങ്ങളിലായി പങ്കെടുക്കും. വിവിധ ബാച്ചുകളുടെ ഒത്തുചേരലിൽ അഭിവന്ദ്യ പിതാക്കന്മാരും ബഹുമാനപ്പെട്ട വൈദികരും തങ്ങളുടെ അജപാലന ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കും.
ബിഷപ്പുമാരായ മാർ റാഫേൽ തട്ടിൽ, മാർ ജോസഫ് പാംപ്ലാനി, മാർ തോമസ് തറയിൽ, റെക്ടർ റവ. ഡോ. സ്കറിയ കന്യാകോണിൽ, റവ. ഡോ. മാണി പുതിയിടം, റവ. ഡോ. മാത്യു ഇല്ലത്തുപറമ്പിൽ, റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ എന്നിവർ പങ്കെടുക്കും. വൈകുന്നേരം 6:30 മുതൽ രാത്രി എട്ടു വരെയാണ് വെബിനാർ.