സ്വത്തുതര്‍ക്കം: കൂട്ടക്കൊലപാതക കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
Wednesday, September 22, 2021 12:31 AM IST
കൊച്ചി: കുടുംബസ്വത്തിന്റെ പേരിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സഹോദരനെയും ഭാര്യയെയും മകളെയും വെട്ടിക്കൊന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അങ്കമാലി മൂക്കന്നൂര്‍ എരപ്പക്കരയില് അറയ്ക്കല്‍ ബാബുവിന്റെ ജാമ്യാപേക്ഷയാണു തള്ളിയത്.
2018 ഫെബ്രുവരി 12ന് വൈകുന്നേരമാണ് ബാബു സഹോദരനായ ശിവന്, ഭാര്യ വത്സല, ഇവരുടെ മകള്‍ സ്മിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
കുടുംബസ്വത്തായ ഭൂമിയിലെ മരം മുറിക്കാനെത്തിയ ബാബു ഇതു തടഞ്ഞ ശിവനുമായി വഴക്കുണ്ടാക്കിയെന്നും തുടര്‍ന്ന് വെട്ടുകത്തി ഉപയോഗിച്ചു വെട്ടി കൊലപ്പെടുത്തിയെന്നുമാണ് കേസ്. 2018 ഫെബ്രുവരി 14ന് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അന്നു മുതല്‍ ജയിലിലാണെന്നും മൂന്നു വര്‍ഷമായിട്ടും വിചാരണ തുടങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാൾ ജാമ്യാപേക്ഷ നല്‍കിയത്. നേരത്തെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.