മുട്ടിൽ മരംമുറി: ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
Thursday, September 23, 2021 12:58 AM IST
കൊച്ചി: വയനാട് സൗത്ത് മുട്ടില്‍ വില്ലേജിലെ പട്ടയ ൂമിയില്‍ നിന്ന് അനധികൃതമായി മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ വയനാട് വാഴവറ്റ സ്വദേശികളായ സഹോദരങ്ങള്‍ ആന്റോ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന്, റോജി അഗസ്റ്റിന് എന്നിവരും ഇവരുടെ ഡ്രൈവര്‍ വിനീഷും നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി.
സെയില്‍ ടാക്സുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ കോടതി ഉത്തരവു മറികടന്ന് പോലീസ് നടപടി സ്വീകരിച്ചതിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ തങ്ങളെ കുടുക്കിയെന്നും ഇതാണു ക്രിമിനല്‍ പശ്ചാത്തലമായി ഇപ്പോള്‍ ആരോപിക്കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഒരേ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പും പോലീസും റവന്യു വകുപ്പും നടപടിയെടുക്കുന്നത്.
എന്നാല്‍ വിദ്യാഭ്യാസമില്ലാത്ത ആദിവാസികളെ കബളിപ്പിച്ചാണ് പ്രതികള്‍ മരങ്ങള്‍ മുറിച്ചു കടത്തിയതെന്നും വില്ലേജ് ഓഫീസറടക്കം ഇതിന് ഒത്താശ ചെയ്തെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ വാദിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്കെതിരെ ഭീഷണിയുണ്ട്. പ്രതികള്‍ക്കെതിരെ കര്‍ണാടകത്തിലും കേസുകളുണ്ട്. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.