ഐഎസ്ആര്‍ഒ ചാരക്കേസ്: മുന്‍ ഡിജിപിയുടെ ഹര്‍ജിയില്‍ വിശദീകരണം തേടി
Saturday, September 25, 2021 12:35 AM IST
കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഗൂഢാലോചന അന്വേഷിക്കാന്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ തനിക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ചതിനെതിരേ കേസിലെ നാലാം പ്രതിയായ മുന്‍ ഡിജിപി സിബി മാത്യൂസ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐയുടെ വിശദീകരണം തേടി. ജസ്റ്റീസ് കെ. ഹരിപാലാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ചാരക്കേസിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതനുസരിച്ചാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ സിബി മാത്യൂസ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം സെഷന്‍സ് കോടതി ഓഗസ്റ്റ് 24ന് 60 ദിവസത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മുന്‍കൂര്‍ ജാമ്യത്തിന് ഇത്തരത്തില്‍ കാലാവധി നിശ്ചയിക്കുന്നത് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ ലംഘനമാണെന്നും സമയപരിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സിബി മാത്യൂസ് ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജി ഒക്ടോബര്‍ 21നു വീണ്ടും പരിഗണിക്കും.