ജപ്പാനിൽ നഴ്സുമാർക്ക് കൂടുതൽ അവസരം
Saturday, September 25, 2021 10:52 PM IST
തിരുവനന്തപുരം: നഴ്സുമാർക്ക് ജപ്പാനിൽ കൂടുതൽ അവസരമുണ്ടാകുമെന്ന് അറിയിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജപ്പാനിലെ വിദഗ്ധതൊഴിൽ മേഖലകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ കേന്ദ്രം പുതിയ സംവിധാനത്തിന് രൂപം നൽകി.
മലയാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയവും നോർക്കയും സഹകരിച്ചു പ്രവർത്തിക്കും. റിക്രൂട്ട്മെന്റിനായി ഇന്ത്യയിൽ ജാപ്പനീസ് ഭാഷാപരിശീലനവും പരീക്ഷയും നടത്താൻ ജപ്പാൻ സർക്കാർ തയാറായിട്ടുണ്ട്. ജപ്പാൻ ഭാഷാപരിശീലന കേന്ദ്രങ്ങളുടെയും റിക്രൂട്ട്മെന്റ് നടക്കുന്ന വിദഗ്ധ തൊഴിൽ മേഖലകളുടെയും വിവരം നോർക്ക വഴി അറിയിക്കും.
അടുത്ത വർഷം മുതൽ കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ സെന്ററുകൾ ആരംഭിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് വിദേശകാര്യമന്ത്രാലയം ഉറപ്പു നൽകിയിട്ടുണ്ട്.
വിദേശ റിക്രൂട്ട്മെന്റിന്റെ പേരിലുള്ള തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗാർഥികളെ ചൂഷണം ചെയ്യുകയും തട്ടിപ്പു നടത്തുകയും ചെയ്യുന്ന ഏജൻസികൾക്കെതിരേ ലൈസൻസ് റദ്ദാക്കുന്നതടക്കം കർശന നടപടി കൈക്കൊള്ളുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പ്രവാസി മലയാളിസമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായി ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. യാത്രാക്ലേശം അടക്കം വിദേശമലയാളികൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ പരിഗണിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.