എൻസിപിയിൽ അസ്വാരസ്യം രൂക്ഷം; പി.സി. ചാക്കോയ്ക്കെതിരേ പടപ്പുറപ്പാട്
Sunday, September 26, 2021 10:02 PM IST
തിരുവനന്തപുരം: കോണ്‍ഗ്രസിൽ നിന്നു രാജിവച്ച് എൻസിപിയിലെത്തി ആഴ്ചകൾക്കുള്ളിൽ സംസ്ഥാന അധ്യക്ഷനായ പി.സി. ചാക്കോയ്ക്കെതിരേ എൻസിപിയിൽ വിമത നീക്കം ശക്തമാകുന്നു. പുതിയ അധ്യക്ഷൻ വന്നശേഷം പാർട്ടിയെ പൂർണമായും ഹൈജാക്ക് ചെയ്ത് അധ്യക്ഷന്റെ ഇഷ്ടപ്രകാരമുള്ള കാര്യങ്ങൾ മാത്രമാണ് നടക്കുന്നതെന്നു സംസ്ഥാനത്തെ പല നേതാക്കളും ഇതിനോടകം ദേശീയ നേതൃത്വത്തെ അറിയിച്ചു.
ഇതിനിടെ എൻസിപി നേതാക്കളുടെ ഫോണ്‍ സംഭാഷണങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത് പാർട്ടിക്കുള്ളിലെ ചാക്കോ വിരുദ്ധ ചേരിയാണെന്നാണ് ഔദ്യോഗികപക്ഷം പറയുന്നത്. പിഎസ്സി മെന്പർ ആകാൻ തന്റെ പേര് ഇടതുമുന്നണിയോട് നിർദേശിക്കണമെന്നു പറഞ്ഞു ചാക്കോയെ സമീപിച്ച ആളും അധ്യക്ഷനും തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായെന്നും ഇതേ തുടർന്ന് പിഎസ്സി മെന്പർ സ്ഥാനം ലക്ഷ്യമിട്ട ആൾ എൻസിപിക്കെതിരേ ഇപ്പോൾ പ്രചാരണം നടത്തുന്നുവെന്നുമാണ് ചാക്കോ അനുകൂലികൾ പറയുന്നത്.
കോണ്‍ഗ്രസിൽ നിന്ന് അടുത്തകാലത്ത് രാജിവച്ച് എൻസിപിയിൽ എത്തിയവർക്ക് മുന്തിയ പരിഗണന നല്‍കുന്നതായും വർഷങ്ങളോളം പാർട്ടിക്കായി പണി എടുത്തവരെ കറിവേപ്പിലപോലെ പുറന്തള്ളുന്നതായുംആക്ഷേപം ശക്തമാണ്. സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെ പല ജില്ലാ കമ്മിറ്റികളും ചാക്കോ പക്ഷം കൈയടക്കാൻ ശ്രമം നടത്തുന്നതായും ചർച്ചയായി.
എൻസിപി സംസ്ഥാന കമ്മിറ്റി അംഗം, തിരുവനന്തപുരം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച എം. വിജേന്ദ്രകുമാർ കഴിഞ്ഞദിവസം എൻസിപിയിൽ നിന്നും രാജിവച്ച് കോണ്‍ഗ്രസിൽ ചേർന്നിരുന്നു. പാർട്ടിക്കുള്ളിലെ പടലപ്പിണക്കത്തിന്റെ ഭാഗമായാണ് വിജേന്ദ്രകുമാറിന്റെ രാജിയെന്നാണ് സൂചന.
മന്ത്രി എ.കെ. ശശീന്ദ്രനെയും പി.സി. ചാക്കോയെയും രണ്ടു പക്ഷമാക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നത് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പാർട്ടി കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനങ്ങളിൽ ചാക്കോയെയും ശശീന്ദ്രനെയും ഒന്നിച്ച് പങ്കെടുപ്പിച്ചു വിഭാഗീയത പാർട്ടിക്കുള്ളിൽ ഇല്ലെന്നു വരുത്തിത്തീർക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
ഗുരുവായൂർ ദേവസ്വത്തിലേക്ക് കഴിഞ്ഞ തവണ എല്ലാ പാർട്ടികളും കൃത്യസമയത്ത് പ്രതിനിധികളെ നൽകിയപ്പോഴും എട്ടു മാസത്തിനു ശേഷം മാത്രമാണ് എൻസിപിക്കു പ്രതിനിധിയെ തീരുമാനിക്കാനായത്. നേതാക്കൾ അവരവരുടെ താത്പര്യക്കാരെ തിരുകി ക്കയറ്റാനുള്ള ശ്രമമാണ് അന്ന് നടത്തിയിരുന്നത്.
ഇത്തവണ ബോർഡ് കോർപറേഷനുകളിലേക്ക് കൃത്യസമയത്തുതന്നെ ആളുകളെ നിശ്ചയിക്കണമെന്ന നിലപാട് ചാക്കോ സംസ്ഥാന കമ്മിറ്റിയോഗത്തിൽ ഉന്നയിച്ചിരുന്നു.
എന്നാൽ തങ്ങളുടെ സ്ഥാപിത താത്പര്യങ്ങൾ സംരക്ഷിക്കാനായി പല നേതാക്കളും രംഗത്തെത്തിയതോടെ ഇത്തവണയും പാർട്ടിക്ക് ലഭിക്കുന്ന പല പദവികളിലേക്കും ആളുകളെ നാമനിർദേശം ചെയ്യുന്നതു പ്രതിസന്ധിയിലായി.
എൻസിപിയിലെ അന്തഛിദ്രം സസൂക്ഷ്മം വീക്ഷിച്ചുവരികയാണ് ഇടതുമുന്നണി. പി.സി. ചാക്കോ കൊണ്ടുവന്ന മാറ്റങ്ങൾ പാർട്ടിയെ ശക്തിപ്പെടുത്താൻ ഉപകരിച്ചിട്ടുണ്ടെന്നും പല ജില്ലകളിലും വർഷങ്ങളോളമായി കാര്യക്ഷമമായി പ്രവർത്തിക്കാത്ത ജില്ലാ നേതാക്കളെയടക്കം മാറ്റിയിട്ടുണ്ടെന്നും ഇതിന്റെ പ്രതിഷേധമായാണ് പലരും ഇപ്പോൾ അധ്യക്ഷനെതിരേ പ്രചാരണം നടത്തുന്നതെന്നുമാണ് ചാക്കോ അനുകൂലികളുടെ നിലപാട്.
വെബ് സൈറ്റ്, യു ട്യൂബ് ചാനലടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൂടി സജീവമായതോടെ പാർട്ടി ജനങ്ങളിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലുകയും കൂടുതൽ ജനങ്ങൾ പാർട്ടിയിലേക്ക് വരികയും ചെയ്യുന്നുവെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം. നിലവിൽ ചാക്കോ പക്ഷവും വിമതപക്ഷവുമായി എൻസിപിയിൽ പോര് രൂക്ഷമായി. വരും നാളുകളിൽ ഇതു കൂടുതൽ വിഭാഗീയതയിലേക്ക് നീങ്ങുമെന്നാണ് സൂചന.
- തോമസ് വർഗീസ്