പി.വി. അൻവർ ഹാജരാകാത്തതിൽ ചട്ടലംഘനമില്ലെന്നു സ്പീക്കർ
Thursday, October 14, 2021 1:34 AM IST
തിരുവനന്തപുരം: നിലന്പൂർ അംഗം പി.വി. അൻവർ നിയമസഭയിൽ ഹാജരാകാതെ വിട്ടു നിൽക്കുന്നതിൽ ചട്ടലംഘനമില്ലെന്നു സ്പീക്കർ എം.ബി. രാജേഷ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും കെ.ടി. ജലീലിന്റെയും അവധി അപേക്ഷകൾ പരിഗണിക്കുന്പോഴാണ് അൻവർ വിഷയം സഭയിൽ കടന്നുവരുന്നത്.
നിലന്പൂർ അംഗത്തെ കുറേക്കാലമായി സഭയിൽ കാണുന്നില്ലെന്നും എന്നാൽ അദ്ദേഹത്തിന്റേതായി നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾ കാണുന്നുണ്ടെന്നും പി.ടി. തോമസ് പറഞ്ഞു.
അദ്ദേഹം അവധിക്ക് അപേക്ഷ നൽകിയതായി കാണുന്നുമില്ല. ഏത് അംഗത്തിനും ചോദ്യങ്ങൾ ഓണ്‍ലൈനായി അയയ്ക്കാമെന്നു സ്പീക്കർ പറഞ്ഞു. അദ്ദേഹത്തിന്റെ കാര്യത്തിൽ ചട്ടവിരുദ്ധമായി ഒന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചികിത്സാ ആവശ്യത്തിനായി ഉമ്മൻ ചാണ്ടി ഈ മാസം 22 വരെയും വിദേശത്തു ബന്ധുക്കളുടെ അടുത്തു പോകുന്നതിനായി കെ.ടി. ജലീൽ ഈ മാസം 13 വരെയുമാണ് അവധിക്ക് അപേക്ഷ നൽകിയത്. ഇരുവരുടെയും അപേക്ഷ നിയമസഭ അംഗീകരിച്ചു.