ഏകതയുടെ സാക്ഷ്യം സഭ ലോകത്തിനു നൽകണം: മാർ ആലഞ്ചേരി
Saturday, October 16, 2021 1:09 AM IST
പരുമല: സമൂഹവും സഭയും പുതിയ ദർശനം ഉൾക്കൊണ്ട് മനുഷ്യപ്രകൃതിയെ ഏകതയിലേക്കു കൊണ്ടുവരികയെന്ന ക്രിസ്തുസാക്ഷ്യം ലോകത്തിനു നൽകണമെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
ഓർത്തഡോക്സ് സഭാധ്യക്ഷനായി ചുമതലയേറ്റ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയെ അനുമോദിച്ചു നടന്ന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭാഗാത്രത്തെ സംരക്ഷിക്കുകയും പടുത്തുയർത്തുകയുമാണ് സഭാ നേതൃത്വത്തിലേക്കു വരുന്നവരുടെ പ്രധാന കടമയെന്ന് കർദിനാൾ ചൂണ്ടിക്കാട്ടി. ലോകത്തെ ഒന്നായി കണ്ടു കാരുണ്യത്തിന്റെ സന്ദേശം പകരാനാകണം. ലോകത്തിനു ക്രിസ്തുവിലൂടെ ലഭിച്ച സുകൃതങ്ങൾ പിന്തുടരുകയാണു വേണ്ടത്.
സഭകളെയും സമൂഹത്തെയും കൂടുതൽ ഐക്യത്തിലേക്കും സഹകരണത്തിലേക്കും കൊണ്ടുവരാൻ തക്ക നേതൃത്വം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മാത്യൂസ് തൃതീയൻ ബാവ ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിട്ടുണ്ട്. ഏറെ അഭിമാനത്തോടെയും പ്രതീക്ഷയോടെയുമാണ് അദ്ദേഹത്തിന്റെ ആശയങ്ങളെയും കാഴ്ചപ്പാടുകളെ നോക്കിക്കാണുന്നതെന്ന് കർദിനാൾ പറഞ്ഞു.
കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, പുനലൂർ രൂപതാധ്യക്ഷൻ ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, കൽദായ ബിഷപ് മാർ ഔഗേൻ കുര്യാക്കോസ്, മന്ത്രി വി.എൻ. വാസവൻ, പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ, ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത, സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ. ജോണ്, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ.എം.സി. കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, റഷ്യൻ ഓർത്തഡോക്സ് സഭയുടെ കിറിൽ പാത്രിയർക്കീസ് എന്നിവരുടെ സന്ദേശങ്ങൾ യോഗത്തിൽ വായിച്ചു.
മന്ത്രി വീണാ ജോർജ്, എംപിമാരായ ആന്റോ ആന്റണി, തോമസ് ചാഴികാടൻ, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാത്യു ടി.തോമസ്, മോൻസ് ജോസഫ്, പ്രമോദ് നാരായണ്, മുൻ എംഎൽഎ ജോസഫ് എം. പുതുശേരി തുടങ്ങിയവരും ആശംസകൾ അർപ്പിക്കാനെത്തിയിരുന്നു.