കരുവന്നൂർ ബാങ്ക് കേസ്: പ്രധാന പ്രതി ബിജോയിയുടെ ജാമ്യാപേക്ഷ തള്ളി
Tuesday, October 19, 2021 11:58 PM IST
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് വായ്പാതട്ടിപ്പു കേസിലെ പ്രധാന പ്രതി ബിജോയിയുടെ (47) ജാമ്യാപേക്ഷ കോടതി തള്ളി.
കരുവന്നൂർ സർവീസ് സഹകരണബാങ്കിൽ നൂറുകോടിയിലധികം രൂപയുടെ ക്രമക്കേട് നടത്തി എന്നാരോപിച്ച് ഇരിങ്ങാലക്കുട പോലീസ് ചാർജ് ചെയ്ത കേസിലെ അഞ്ചാം പ്രതിയാണ് മുകുന്ദപുരം മനവലശേരി കൊരുമ്പശേരി അനന്തത്തുപറമ്പിൽ ബിജോയ്. തൃശൂർ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി.ജെ. വിൻസെന്റാണ് ജാമ്യാപേക്ഷ തള്ളിയത്.
പ്രതി കരുവന്നൂർ സഹകരണ ബാങ്കിലെ ജീവനക്കാരനോ ഭരണസമിതിയംഗമോ അല്ലാതിരുന്നിട്ടും ഏജന്റ് എന്ന നിലയിൽ പ്രതികളുമായി കൂട്ടുചേർന്ന് വ്യാജ മെമ്പർഷിപ്പും വ്യാജ രേഖകളും ഉപയോഗിച്ച് വ്യാജപേരുകളിൽ ലോണ്‍ എടുത്ത് പണം തിരിമറി ചെയ്ത് ബാങ്കിനു വലിയ തോതിൽ നഷ്ടമുണ്ടാക്കി എന്നാണു പ്രോസിക്യൂഷൻ വാദം.
ബാങ്കിന്റെ ബൈലോയ്ക്കു വിരുദ്ധമായി ഒരേ ഭൂമി പണയപ്പെടുത്തി ഒന്നിലധികം പേർക്കു വായ്പ നൽകിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. വ്യാജവിലാസത്തിൽ കെട്ടിച്ചമച്ച രേഖകൾ ഉണ്ടാക്കിയും ഭൂമിയുടെ യഥാർഥ ഉടമസ്ഥർ അറിയാതെ വായ്പ നൽകിയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.