കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനു ശിപാർശകൾ സമർപ്പിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീക
Wednesday, October 27, 2021 12:15 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനു ശിപാർശകൾ സമർപ്പിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നു മന്ത്രി പി. പ്രസാദ്.
കാർഷികോത്പാദന ക്ഷമത, ഉത്പന്ന സംഭരണം, ഉത്പന്നങ്ങളുടെ വില, മൂല്യവർധിത പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം എന്നിവയുടെ വർധനയും സംബന്ധിച്ച് ഉപസമിതി ശിപാർശ സമർപ്പിക്കും. മുഖ്യമന്ത്രിയാണ് സമിതിയുടെ അധ്യക്ഷൻ.
കൃഷി, തദ്ദേശ സ്വയംഭരണം, സഹകരണം, വ്യവസായം, ധനം വകുപ്പ് മന്ത്രിമാർ അംഗങ്ങളാണ്. സർക്കാർ ഓഫീസ് എന്നതിലുപരി കൃഷിഭവനുകളെ കർഷകരുടെ സഹായ കേന്ദ്രങ്ങൾ എന്ന നിലയിലേക്ക് ഉയർത്തുന്നതിനായി സ്മാർട്ട് കൃഷിഭവൻ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.
കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു സംസ്ഥാനത്തെ അഞ്ച് കാർഷിക പാരിസ്ഥിതിക മേഖലകളായി തരംതിരിച്ചിട്ടുണ്ട്. മണ്ണിന്റെ തരം, മഴയുടെ അളവ്, ഭൂപ്രകൃതി, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം എന്നിവ അടിസ്ഥാനമാക്കിയാണ് തരംതിരിവ്.
ഇതേ മാനദണ്ഡം അടിസ്ഥാനമാക്കി 23 അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകളായും വിഭജിച്ചിട്ടുണ്ട്. ഓരോ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ വിളകളെ അടിസ്ഥാനമാക്കിയാണ് ഇവിടെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. വിളയുടെ പരമാവധി ഉത്പാദനം വർധിപ്പിക്കുന്നതിന് ഇത് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.