മാർ സ്ലീവാ മെഡിസിറ്റിയിൽ സ്തനാർബുദ ബോധവത്കരണ പരിപാടിക്കു തുടക്കമായി
Wednesday, October 27, 2021 2:05 AM IST
പാലാ: സ്തനാർബുദ ബോധവത്കരണമാസത്തിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന ’ശലഭം’ എന്ന സ്തനാർബുദ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം പാലാ അൽഫോൻസാ കോളജിൽ നടത്തി.
എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു.
രോഗത്തെക്കുറിച്ചുള്ള അറിവു നേടുക, രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവ നേരത്തെ തിരിച്ചറിഞ്ഞു വേണ്ട ചികിത്സ തേടുക എന്ന സന്ദേശം സ്കൂൾ, കോളജ് വിദ്യാർഥികളിലൂടെ എല്ലാ വീടുകളിലേക്കും അമ്മമാരിലേക്കും മറ്റു സ്ത്രീകളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർ സ്ലീവാ മെഡിസിറ്റി ഒരു കൊല്ലം നീണ്ടുനിൽക്കുന്ന ശലഭം എന്ന ബോധവത്കരണ പരിപാടിക്ക് തുടക്കംകുറിച്ചിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു.
ചിട്ടയായ വ്യായാമവും നല്ല ഭക്ഷണരീതികളും അർബുദത്തെ ചെറുക്കാൻ സഹായിക്കുമെന്നും രോഗം വന്നാൽത്തന്നെ അതിനെ ധൈര്യപൂർവം നേരിട്ട് സമയബന്ധിതമായി ചികിത്സിച്ചാൽ ജീവിതത്തിലേക്കു തിരികെവരാൻ വളരെയേറെ സാധ്യതയുണ്ടെന്നും ജോസഫ് അന്നംകുട്ടി ജോസ് പറഞ്ഞു.