ജീവനക്കാരുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി അടുത്ത വർഷം ആദ്യം മുതൽ
Saturday, November 27, 2021 1:28 AM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് അടുത്ത വർഷം ആദ്യം മുതൽ സംസ്ഥാനത്തു നടപ്പാക്കാനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി. ഓറിയന്റൽ ഇൻഷ്വറൻസ് കന്പനി വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
6,000 രൂപയാണു വാർഷിക പ്രീമിയം തുക. ജീവനക്കാരിൽനിന്ന് 500 രൂപ വീതം ഓരോ മാസവും ഈടാക്കും. പെൻഷൻകാർക്ക് മെഡിക്കൽ അലവൻസ് ഇനത്തിൽ ലഭിക്കുന്ന 500 രൂപ വീതം പദ്ധതിയിലേക്ക് ഈടാക്കും.
എല്ലാ ജീവനക്കാരും നിർബന്ധമായും പദ്ധതിയിൽ ചേരണം. ഒരു വർഷം മൂന്നു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് കവറേജാണ് ലഭിക്കുക. മാരക രോഗങ്ങൾ ബാധിച്ചവർക്ക് 18.24 ലക്ഷം രൂപയുടെ വരെ ചികിത്സാ സഹായം ലഭിക്കും.
ജീവനക്കാർക്കും പെൻഷൻകാർക്കും പുറമേ കുടുംബ പെൻഷൻകാർ, ആശ്രിതർ, 25 വയസാകാത്ത മക്കൾ, ശാരീരിക വെല്ലുവിളി നേരിടുന്ന ഏത് പ്രായത്തിലുമുള്ള മക്കൾ എന്നിവർക്ക് പരിരക്ഷ ലഭിക്കും.
24 മണിക്കൂറിലേറെ നീളുന്ന കിടത്തി ചികിത്സയ്ക്കാണ് ഇൻഷ്വറൻസ് ലഭിക്കുക. ആശുപത്രി വാസത്തിനു ശേഷവും മുൻപും 15 ദിവസം വരെയുള്ള ചെലവുകൾ ക്ലെയിം ചെയ്യാം.
പെൻഷൻകാർ ട്രഷറി ഓഫീസർക്കാണ് അപേക്ഷ നൽകേണ്ടത്. എയ്ഡഡ് സ്ഥാപനങ്ങളിൽ ജോലി നോക്കുന്നവർക്ക് നിയമനാംഗീകാരം ലഭിക്കുന്ന മുറയ്ക്കു പദ്ധതിയുടെ ഭാഗമാകാം.