മാത്യു കുഴൽനാടൻ എംഎൽഎയുടെതു നിലവാരമില്ലാത്ത പ്രതികരണം: ഹൈറേഞ്ച് സംരക്ഷണ സമിതി
Friday, December 3, 2021 12:12 AM IST
രാജകുമാരി: ഹൈറേഞ്ച് സംരക്ഷണസമിതിക്കെതിരേ സത്യവിരുദ്ധവും ആക്ഷേപകരവുമായ പ്രതികരണമാണു മാത്യു കുഴൽനാടൻ എംഎൽഎ നടത്തിയതെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി. പതിനാറു വർഷമായി ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സമിതി സ്വീകരിച്ചിട്ടുള്ളത്.
ആരാണ് ഗാഡ്ഗിൽ റിപ്പോർട്ടും കസ്തൂരി രംഗൻ റിപ്പോർട്ടും കൊ ണ്ടുവന്നതെന്ന് എല്ലാവർക്കുമറിയാം. അതിനെതിരേ നിലനിൽപ്പിനുവേണ്ടി ഒരുമിച്ചു പൊരുതിയ ജില്ലയിലെ ജനങ്ങളുടെ വികാരം മറ്റു ജില്ലക്കാർക്കു മനസിലാകില്ല.
1977 മുതൽ പട്ടയത്തിനു കാത്തിരിക്കുന്ന ഒരു ജനതയ്ക്കു പുതിയ ചട്ടങ്ങളും നിയമക്കുരുക്കുകളും സൃഷ്ടിച്ചിട്ടുള്ളവരെ ജനം തിരിച്ചറിയും. അതിനെതിരേയുള്ള നിരന്തര പോരാട്ടങ്ങളുടെ ഫലമായിട്ടാണ് മാറി മാറി വന്ന സർക്കാരുകൾ പട്ടയം നൽകിയത്.
നിലവിലുള്ള വിഷയങ്ങളും വളരെ ഗൗരവമുള്ളതാണ്. അതിനെതിരേ ഇവിടെയുള്ളവരെല്ലാം ഒരുമിച്ചുനിന്നു പോരാടാൻ ശ്രമിക്കുന്പോൾ അപശബ്ദങ്ങൾ പുറപ്പെടുവിക്കുന്നവർക്ക് പ്രശ്നങ്ങൾ തീരരുതെന്ന നിർബന്ധമാണുള്ളത്.
സമിതി ആട്ടിൻ തോലണിഞ്ഞ ചെന്നായ ആണെന്ന് ആക്ഷേപിക്കുന്പോൾ സമരം ഉദ്ഘാടനം ചെയ്ത രക്ഷാധികാരി മാർ മാത്യു അറയ്ക്കലിനെയും മറ്റു സമുദായനേതാക്കൾ ഉൾപ്പെടെയുള്ളവരെയും ആക്ഷേപിക്കുകയാണ്.
വർഗീയ ചേരിതിരിവ് സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പരാമർശങ്ങളും ഈ പ്രതികരണത്തിൽ കാണാമെന്ന് സമിതി നേതാക്കളായ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, ആർ. മണിക്കുട്ടൻ, സി. കെ. മോഹനൻ, മൗലവി മുഹമ്മദ് റഫീഖ് അൽ കൗസരി എന്നിവർ പറഞ്ഞു.