ചാവറയച്ചന്റെ നേതൃത്വം അവിസ്മരണീയം: ഗവര്‍ണര്‍
Saturday, December 4, 2021 12:21 AM IST
കൊച്ചി: നവോത്ഥാന മൂല്യങ്ങള്‍ക്കൊത്ത് കേരളത്തെ വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളില്‍ പുരോഗതിയിലേക്കു നയിച്ചതിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നേതൃത്വം അവിസ്മരണീയമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ 2021ലെ ചാവറ സംസ്കൃതി പുരസ്കാരം പ്രഫ. എം.കെ. സാനുവിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാനായ ചാവറയച്ചന്റെ പേരിലുള്ള സംസ്കൃതി പുരസ്കാരം തലമുറകളുടെ ഗുരുനാഥനായ എം.കെ. സാനു മാഷിനു നല്‍കാനായത് അഭിമാനവും സന്തോഷവും നല്കുന്നു. ഉദാത്തമായ മാനവികതയുടെയും അറിവിന്റെയും തെളിമയാര്‍ന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ആധ്യാത്മികാചര്യന്മാരില് ശ്രേഷ്ഠനും സാമൂഹ്യപരിഷ്കര്‍ത്താക്കളില്‍ കര്‍മയോഗിയുമായ ചാവറയച്ചന്റെ പേരിലുള്ള പുരസ്കാരം സ്വീകരിക്കാനായതില്‍ അഭിമാനമുണ്ടെന്ന് എം.കെ. സാനു മറുപടിപ്രസംഗത്തില്‍ പറഞ്ഞു. നവീകരിച്ച ചാവറ പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിച്ചു. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സിഎംഐ പ്രിയോര്‍ ജനറാള്‍ റവ. ഡോ. തോമസ് ചാത്തംപറമ്പില്‍ അധ്യക്ഷത വഹിച്ചു.