റോഡുകളുടെ പരിപാലന കാലാവധി പ്രദർശിപ്പിക്കും
Sunday, December 5, 2021 12:22 AM IST
തിരുവനന്തപുരം: പൊതുമരാമത്ത് പ്രവൃത്തികളുടെ പരിപാലന കാലാവധി (ഡിഫെക്ട് ലയബിലിറ്റി പിരീഡ് -ഡിഎൽപി) ബോർഡുകൾ സംസ്ഥാനത്ത് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം മസ്കറ്റ് ഹോട്ടലിൽ നടൻ ജയസൂര്യയുമായി ചേർന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
പിഡബ്ല്യുഡി മാനുവൽ പ്രകാരമാണു പരിപാലന കാലാവധി നിലവിൽ വന്നിട്ടുള്ളത്. പൊതുമരാമത്ത് ഉത്തരവുപ്രകാരം പുതിയ ബിഎംബിസി റോഡുകൾക്ക് മൂന്നു വർഷവും, അതല്ലാത്ത റോഡുകൾക്ക് രണ്ടു വർഷവും, ഉപരിതലത്തിൽ മാത്രം ബിഎംബിസി ഉപയോഗിച്ച റോഡുകൾക്ക് രണ്ടു വർഷവും, അറ്റകുറ്റപ്പണികൾക്ക് ആറ് മാസവും പരിപാലന കാലാവധി ഉണ്ടാകും.
ഈ കാലയളവിനുള്ളിൽ റോഡുകൾക്ക് തകരാർ സംഭവിച്ചാൽ റോഡുകളിൽ സ്ഥാപിക്കുന്ന പരിപാലന കാലാവധി സംബന്ധിച്ച് ബോർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള കരാറുകാരന്റെയും അറ്റകുറ്റപ്പണികൾ നടത്താൻ ബാധ്യസ്ഥനായ എൻജിനിയറുടെയും ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് ജനങ്ങൾക്ക് റോഡ് പരിപാലനം ഉറപ്പാക്കാം.
പൊതുമരാമത്ത് വകുപ്പിന്റെ ടോൾഫ്രീ നമ്പറിൽ വിളിച്ചും പരിപാലന കാലാവധി സംബന്ധിച്ച കാര്യങ്ങൾ ജനങ്ങൾക്ക് ശ്രദ്ധയിൽപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.