പോലീസുകാർക്ക് മാനസിക സമ്മർദം; പ്രത്യേക അലവൻസ് അനുവദിക്കണമെന്ന്
Monday, January 17, 2022 1:18 AM IST
തിരുവനന്തപുരം: സ്റ്റേഷനുകളിൽ ജോലി നോക്കുന്ന പോലീസുകാർ അനുഭവിക്കുന്ന മാനസിക- ശാരീരിക സമ്മർദം അതിജീവിക്കാൻ പ്രത്യേക അലവൻസ് അനുവദിക്കണമെന്നു സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, സർക്കാരിനോടു ശിപാർശ ചെയ്തു.
ഇൻസ്പെക്ടർ റാങ്കിലുള്ള സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് 1000 രൂപയും എസ്ഐമാർക്ക് 900 രൂപയും എഎസ്ഐയ്ക്ക് 800 രൂപയും സീനിയർ സിവിൽ പോലീസ് ഓഫിസർക്ക് 700 രൂപയും സിവിൽ പോലീസ് ഓഫിസർക്ക് 600 രൂപയും പ്രത്യേക ബത്തയായി അനുവദിക്കണമെന്നാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ, ശിപാർശയിൽ ഡിജിപി നിർദേശിക്കുന്നത്.
ഇതോടൊപ്പം പോലീസുകാരുടെ നിലവിലുള്ള റിസ്ക് അലവൻസിലും മാറ്റം വരുത്തണം. ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശന്പളത്തിന്റെ 10 ശതമാനം വരുന്ന തുക റിസ്ക് അലവൻസ് ആയി അനുവദിക്കണം. ഡേ ഓഫ് അലവൻസിലെ അപാകതയും പരിഹരിക്കണം.
സ്റ്റേഷൻ റൈറ്റർമാരുടെ പ്രത്യേക പ്രതിമാസ അലവൻസ് പുനഃസ്ഥാപിച്ചു 1000 രൂപയാക്കി ഉയർത്തണമെന്ന ആവശ്യവുമുണ്ട്. യൂണിഫോം അലവൻസ് 10,000 രൂപയാക്കി ഉയർത്തണമെന്നും ശിപാർശയുണ്ട്.
കെ. ഇന്ദ്രജിത്ത്