വണ്ടൂരിൽ ശൈശവ വിവാഹം: പോലീസ് കേസെടുത്തു
Wednesday, January 26, 2022 12:52 AM IST
മഞ്ചേരി: വണ്ടൂരിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി വിവാഹിതയായ സംഭവത്തിൽ പോലീസ് കേസെടുത്തു. ഒരുവർഷം മുന്‍പ് നടന്ന വിവാഹത്തിലാണ് പോലീസ് നടപടി. പതിനാറു വയസുള്ള പെണ്‍കുട്ടി ഗർഭിണിയായി ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പ്രായപൂർത്തിയായിട്ടില്ലെന്നും വിവാഹിതയാണെന്നും അറിഞ്ഞതോടെ ആശുപത്രി അധികൃതർ പോലീസിനെയയും ചൈൽഡ് വെൽഫെയർ കമ്മറ്റിയെയും വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. ഒരു വർഷം മുന്‍പാണ് വണ്ടൂർ സ്വദേശിയായ യുവാവ് മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്.
അയൽവാസികൾ പോലുമറിയാതെ രഹസ്യമായിട്ടായിരുന്നു വിവാഹം. ആറു മാസം ഗർഭിണിയാണ് പതിനാറുകാരി. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മലപ്പുറം അഡീഷണൽ ശിശുവികസന ഓഫീസർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വണ്ടൂർ പോലീസ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരേയും പെണ്‍കുട്ടിയുടെ രക്ഷിതാക്കൾക്കെതിരേയുമാണ് കേസെടുത്തിട്ടുള്ളത്.