തിയറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദേശിക്കുന്നത് വിവേചനപരമെന്ന് ഫിയോക്ക്
Saturday, January 29, 2022 1:16 AM IST
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പേരില്‍ തിയറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദേശിക്കുന്നത് വിവേചനപരമാണെന്നും മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു നടപടി നിര്‍ദേശിച്ചിട്ടില്ലെന്നും തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
കോവിഡ് വ്യാപന മേഖലകളില്‍ തിയറ്ററുകളും ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും അടച്ചിടണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഫിയോക്ക് നല്കിയ ഹര്‍ജിയിലാണ് ഹര്‍ജിക്കാര്‍ ഈ വാദം ഉന്നയിച്ചത്.
ഇന്ത്യയില്‍ ഉയര്‍ന്ന ടിപിആര്‍ ഉള്ള അരുണാചല്‍ പ്രദേശില്‍ 50 ശതമാനം പ്രേക്ഷകരെ ഉള്‍പ്പെടുത്തി തിയറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുണ്ട്. തിയറ്ററുകളില്‍ രോഗവ്യാപനത്തിന്റെ തോത് ബാറുകളിലും റസ്റ്റോറന്റുകളിലുമുള്ളെതിനേക്കാള് കുറവാണെന്നും ഇതു സംബന്ധിച്ച് പഠനങ്ങള്‍ നിലവിലുണ്ടെന്നും ഫിയോക്ക് നല്കിയ വിശദീകരണത്തില്‍ പറയുന്നു. ജസ്റ്റീസ് എന്‍. നഗരേഷ് ഹര്‍ജി ഫെബ്രുവരി ഒന്നിന് പരിഗണിക്കാനായി മാറ്റി.