മഞ്ജു വാര്യരുടെ പരാതി : സംവിധായകൻ സനൽ കുമാർ ശശിധരനെ അറസ്റ്റ് ചെയ്തു
Friday, May 6, 2022 1:53 AM IST
പാറശാല: നടി മഞ്ജു വാര്യരെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചുവെന്ന പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിലെ എളമക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇന്നലെ ഉച്ചയോടെ അറസ്റ്റ് നടന്നത്.
രാവിലെ സനൽ കുമാറിന്റെ പെരുംകടവിളയിലെ വീട്ടിലെത്തി എളമക്കര പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പാറശാലയിൽ ഉണ്ടെന്നു മനസിലാക്കിയ പോലീസ് മഹാദേവർ ക്ഷേത്രത്തിനു സമീപമുള്ള കുടുംബ ക്ഷേത്രത്തിൽ പൂജ നടത്തി മടങ്ങവേ പാറശാല പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.
പോലീസ് കസ്റ്റഡിയിൽ അകപ്പെട്ടുവെന്നു മനസിലാക്കിയ സനൽ കുമാർ ശശിധരൻ ബഹളം വയ്ക്കുകയുംതന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് ഫേസ് ബുക്ക് ലൈവിലൂടെആരോപിക്കുകയും ചെയ്തു. തനിക്കെതിരേ മഞ്ജു വാര്യർ പരാതി നൽകിയതിനെക്കുറിച്ച് അറിയില്ലെന്നും പറഞ്ഞു.എന്നാൽ, സമൂഹമാധ്യമത്തിലൂടെ തന്നെ അധിക്ഷേപിച്ചുവെന്നു മഞ്ജു വാര്യർ പരാതിനല്കിയതിനെത്തുടർന്നാണ് കസ്റ്റഡിയിലെടുത്തതെന്നു പറഞ്ഞ പോലീസ്, സനൽ കുമാറിനെ എറണാകുളം എളമക്കര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.