കെ-ഫോണ്‍: 61.38 ശതമാനം പ്രവൃത്തിയും പൂർത്തിയായതായി മുഖ്യമന്ത്രി
Sunday, May 15, 2022 1:26 AM IST
തിരുവനന്തപുരം: കെ-ഫോണ്‍ പദ്ധതിയുടെ 61.38 ശതമാനം പ്രവൃത്തിയും പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. 8551 കിലോമീറ്റർ വരുന്ന ബാക്ബോണ്‍ നെറ്റ് വർക്കിൽ 5333 കിലോമീറ്റർ പൂർത്തിയായി. 26410 കിലോമീറ്റർ ആക്സസ് നെറ്റ് വർക്കിന്റെ പ്രവൃത്തികളിൽ 14133 കിലോമീറ്റർ പൂർത്തീകരിച്ചു.
കഴിഞ്ഞ ഏപ്രിൽ 28 വരെയുള്ള കണക്കുകൾ പ്രകാരമാണിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ ഓരോ നിയോജക മണ്ഡലത്തിലും 100 ബിപിഎൽ കുടുംബങ്ങൾക്ക് കണക്ഷൻ നൽകുമെന്നും സെക്കൻഡിൽ 10 മുതൽ 15 എംബി വരെ വേഗത്തിൽ ഒരു ദിവസം 1.5 ജിബി ഡാറ്റ സൗജന്യമായി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.