ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാൻ നടപടി വേണം: പശ്ചിമഘട്ട ജനസംരക്ഷണ സമിതി
Thursday, May 26, 2022 1:55 AM IST
കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ജനവാസകേന്ദ്രങ്ങളെ ഇഎസ്എയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ പശ്ചിമഘട്ട ജനസംരക്ഷണ സമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ കേരളത്തിന് മാതൃകയാകണമെന്നും സമിതി അഭിപ്രായപ്പെട്ടു.
അന്തിമവിജ്ഞാപനത്തിന്റെ കാലാവധി കേന്ദ്രസര്‍ക്കാര്‍ ജൂണ്‍ വരെ നീട്ടിയതിനാൽ ഇതിനുള്ളിൽ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം. ഇല്ലെങ്കില്‍ സ്വന്തം കൃഷിയിടത്തില്‍നിന്നു കുടിയിറക്കപ്പെടുന്ന സാഹചര്യം കര്ഷകര്ക്കുണ്ടാകുമെന്നു സമിതി ചൂണ്ടിക്കാട്ടി. തെറ്റു തിരുത്തലുകള്‍ വരുത്തി അദാലത്തുകള്‍ വിളിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ കേന്ദ്രം അനുവദിച്ച ജൂണ്‍ വരെയുള്ള സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്പ്പിക്കാവൂവെന്നു സമിതി ആവശ്യപ്പെട്ടു.
ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയും ഉദ്യോഗസ്ഥരും പശ്ചിമഘട്ട ജനസംരക്ഷണ സമിതിയെ പ്രതിനിധീകരിച്ച് കോഴിക്കോട് ജില്ലയ്ക്കുവേണ്ടി ഫാ.ബെന്നി മുണ്ടനാട്ട്, ജനറല്‍ കണ്‍വീനര്‍ ഡോ. ചാക്കോ കാളംപറമ്പില്‍, ജോയി കണ്ണന്‍ചിറ എന്നിവരും പാലക്കാട് കര്‍ഷക രക്ഷാ സമിതിക്ക് വേണ്ടി ഫാ.സജി ജോസഫ്, ഫാ. ബിനു, ജയിസ് എന്നിവരും പങ്കെടുത്തു.