എ.കെ. ബാലന്റെ വിവാദ പ്രസ്താവന: ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കാനുള്ള നീക്കം പ്രതിഷേധാർഹം: ടീച്ചേഴ്സ് ഗിൽഡ്
Friday, May 27, 2022 1:23 AM IST
തൃശൂർ: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്സിക്കു വിടുമെന്ന മുൻമന്ത്രി എ.കെ. ബാലന്റെ പ്രസ്താവന പ്രതിഷേധാർഹമാണെന്നു കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്. ബാലന്റെ പ്രസ്താവന ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങൾക്കു നേരേയുള്ള വെല്ലുവിളിയാണെന്നും ഗിൽഡ് അഭിപ്രായപ്പെട്ടു.
അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനത്തിൽ മാനേജ്മെന്റിന്റെ അവകാശ അധികാരങ്ങൾ നഷ്ടപ്പെടുത്തുന്ന ഏതൊരു നടപടിയേയും ശക്തിയുക്തം എതിർക്കും. മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിക്കു കാരണമായി ത്തീർന്നതു പൊതുവിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന എയ്ഡഡ് സംവിധാനമാണെന്ന് ആരും മറന്നുപോകരുതെന്നും ടീച്ചേഴ്സ് ഗിൽഡ് ഓർമിപ്പിച്ചു.
എയ്ഡഡ് വിദ്യാലയങ്ങൾ, സർക്കാരും സ്വകാര്യ വിദ്യാഭ്യാസ ഏജൻസികളും തമ്മിലുള്ള പരസ്പര സഹായത്തിന്റെയും സഹകരണത്തിന്റെയും മേഖലയാണെന്ന യാഥാർഥ്യം വിസ്മരിച്ചുകൊണ്ടും, ചരിത്രത്തെയും ഭരണഘടനാ തത്വങ്ങളെയും അവഗണിച്ചുകൊണ്ടുമുള്ള ചർച്ചകളിൽനിന്നും തീരുമാനങ്ങളിൽനിന്നും നയരൂപീകരണങ്ങളിൽനിന്നും ബന്ധപ്പെട്ടവർ പിൻമാറണമെന്നും ടീച്ചേഴ്സ് ഗിൽഡ് തൃശൂർ അതിരൂപത സമിതി യോഗം ആവശ്യപ്പെട്ടു.
ഡയറക്ടർ ഫാ. ജോയ് അടന്പുകുളം യോഗം ഉദ്ഘാടനം ചെയ്തു. ജോഷി വടക്കൻ അധ്യക്ഷത വഹിച്ചു. പി.ഡി. വിൻസന്റ്, ബിജു പി. ആന്റണി, എൻ.പി. ജാക്സൻ, ജോഫി സി. മഞ്ഞളി, കെ.എഫ്. ബാബു, സിസ്റ്റർ സിബിയ, പി.ഡി. ആന്റോ, ഓസ്റ്റിൻ പോൾ എന്നിവർ പ്രസംഗിച്ചു.
ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങൾ നല്കിയിരിക്കുന്നത് അവരുടെ തനതായ സംസ്കാരവും പാരന്പര്യവും തലമുറകളിലേക്കു പകർന്നുകൊടുക്കാനും അവയെ സംരക്ഷിക്കുന്നതിനുമാണെന്നും യോഗം ചൂണ്ടിക്കാട്ടി.