കണ്ണിൽ പൊടിയിടൽ നടപടികൾ നിർത്തണം: കിഫ
Friday, May 27, 2022 1:23 AM IST
കണ്ണൂർ: നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്കും മറ്റു തദ്ദേശസ്ഥാപനങ്ങൾക്കും അധികാരം നൽകുന്ന സർക്കാർ തീരുമാനം തികച്ചും നിരാശാജനകവും കാട്ടുപന്നിശല്യം നേരിടുന്ന മുഴുവനാളുകളെയും കളിയാക്കുന്നതിന് തുല്യവുമാണെന്നും കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ.
കൃഷിയിടത്തിലിറങ്ങി ശല്യമുണ്ടാക്കുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് ഉപാധികളോടെ നൽകുന്ന അനുവാദം കഴിഞ്ഞ ഒന്നര വർഷമായി സംസ്ഥാനത്ത് നിലവിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതത് റേഞ്ച് ഓഫീസുകളിൽ അപേക്ഷ കൊടുത്താൽ 24 മണിക്കൂറിനകം ഉപാധികളോടെ അനുമതി ജനങ്ങൾക്കു ലഭിക്കുന്നുണ്ട്. ഈ അനുവാദം കിട്ടിയ ആയിരക്കണക്കിനു കർഷകർ നിലവിൽ കേരളത്തിലുണ്ട്. തികച്ചും അപ്രായോഗികമായ ഉപാധികളോടെയുള്ള ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാട്ടുപന്നികളെ നേരിടാൻ ജനത്തിന് കഴിയാത്തതുകൊണ്ടാണ് കാട്ടുപന്നിശല്യം ഇത്രയും രൂക്ഷമായി തുടരുന്നത്. പ്രസ്തുത ഉത്തരവിലെ അപ്രായോഗികമായ ഉപാധികൾ മാറ്റി ഉപാധിരഹിതമായി നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതിയാണു വേണ്ടത്. മാത്രമല്ല നിലവിൽ റേഞ്ച് ഓഫീസർ കൊടുക്കുന്ന ഉത്തരവിൽ കാടിന്റെ രണ്ടു കിലോമീറ്റർ പരിധിക്കു പുറത്ത് കുടുക്ക് ഉപയോഗിക്കാമെന്നു പറയുമ്പോൾ സർക്കാർ പറയുന്നത് എവിടെയും കുടുക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണ്. അങ്ങനെയൊരു ഉപാധി 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഉണ്ടെന്നു വനംമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചിരുന്നു എന്നാണ് പത്രവാർത്ത. അത് തികച്ചും തെറ്റാണ്. അങ്ങനെയൊരു ഉപാധി 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഇല്ല. നിലവിൽ റേഞ്ച് ഓഫീസർ കൊടുക്കുന്ന ഉത്തരവിൽ പടക്കം, വിഷം, വൈദ്യുതി, കാടിന്റെ രണ്ടു കിലോമീറ്റർ കുടുക്ക് എന്നിവ ഉപയോഗിക്കരുതെന്നതാണ് ഉപാധികൾ.
മന്ത്രിസഭാ തീരുമാനപ്രകാരം നിലവിൽ കർഷകർക്കു നൽകിയിരിക്കുന്ന ഒരു ആനുകൂല്യം എടുത്തുകളയുകയാണു ചെയ്തിരിക്കുന്നത്. കാട്ടുപന്നിശല്യത്തിൽ പൊറുതിമുട്ടിയിരിക്കുന്ന ജനത്തോടു ചെയ്യുന്ന ചതിയാണിതെന്നും അലക്സ് ഒഴുകയിൽ പറഞ്ഞു.