മുഖ്യമന്ത്രിക്കെതിരേ വിമാനത്തിലെ പ്രതിഷേധം; പ്രതികള്‍ക്കു ജാമ്യം
Friday, June 24, 2022 12:22 AM IST
കൊച്ചി: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ തലശേരി മട്ടന്നൂര്‍ സ്വദേശി ഫര്സീന് മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്.കെ. നവീന്‍ എന്നിവര്‍ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു.
കേസില്‍ ഒളിവിലുള്ള മൂന്നാം പ്രതി പട്ടന്നൂര്‍ സ്വദേശി സുജിത്ത് നാരായണന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു. ജസ്റ്റീസ് വിജു ഏബ്രഹാമാണ് ഹര്‍ജി പരിഗണിച്ചത്. പ്രതികള്‍ ആയുധങ്ങളുമായാണ് വന്നതെന്നോ വ്യക്തി വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നോ അന്വേഷണ സംഘം പറയുന്നില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ ജൂണ്‍ 13നു വൈകിട്ട് അഞ്ചിന് കണ്ണൂരില്‍ നിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നു മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ യാത്രക്കാരായി ഒപ്പമുണ്ടായിരുന്ന പ്രതികള്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
ഒളിവിലുള്ള പ്രതി സുജിത്ത് ഈ മാസം 28നു രാവിലെ 10ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങണമെന്ന് ഉത്തരവിൽ പറയുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യാം. അടുത്ത ദിവസം വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെങ്കില്‍ ഹാജരാകാന്‍ നിര്‍ദേശിക്കണം.
ചോദ്യം ചെയ്യലിനുശേഷം അറസ്റ്റു ചെയ്താല്‍ കോടതിയില്‍ ഹാജരാക്കി 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള് ജാമ്യവും വ്യവസ്ഥ ചെയ്തു വിട്ടയക്കണം.
പ്രതികള്‍ പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, കുറ്റപത്രം നല്‍കുന്നതുവരെ കേസിന്റെ ആവശ്യത്തിനല്ലാതെ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നിവയാണ് മറ്റു വ്യവസ്ഥകള്‍.