കേരള നിയമസഭ രാജ്യത്തിനു മാതൃക: സ്പീക്കർ എം.ബി. രാജേഷ്
Friday, June 24, 2022 12:50 AM IST
തിരുവനന്തപുരം: കേരളത്തിലെ നിയമനിർമാണ സഭ ഭാരതത്തിനു മാതൃകയാണെന്നു നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്. ഫോർമർ എംഎൽഎ ഫോറം നിയമസഭാ കോംപ്ലക്സിലെ ശങ്കരനാരായണൻ തന്പി ഹാളിൽ സംഘടിപ്പിച്ച മുൻ നിയമസഭാ സാമാജിക സമ്മേളനം ഉദ്ഘാടനം ചയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ പാരന്പര്യം ഉയർത്തിപ്പിടിച്ച് എല്ലാക്കാലത്തും ശരിയായ അർഥത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചവരായിരുന്നു കേരള നിയമസഭകളിലെ അംഗങ്ങൾ. അതുകൊണ്ടു തന്നെ കേരളത്തിലെ ജനപ്രതിനിധികളും സഭയും രാജ്യത്തിനു തന്നെ മാതൃകയാണ്. പൂർവികരായ സാമാജികർ കാണിച്ചുതന്ന മാതൃകയാണ് ഇന്നും കേരളത്തിന്റെ നിയമസഭയിൽ പിന്തുടർന്നു പോരുന്നത്.
ചരിത്രത്തിൽ നിന്ന് ആർജിച്ച ഗുണവും പാരന്പര്യവും ഉയർത്തിപ്പിടിക്കാൻ നവാഗതരായ സാമാജികർ പോലും കണിശത കാണിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് അവതരിപ്പിച്ച 35 ബില്ലിൻന്മേൽ എണ്ണായിരത്തിലധികം ഭേദഗതികളാണ് വന്നത്. ഇത് എംഎൽഎമാരുടെ ജാഗ്രതയും ഗൃഹപാഠവും നിയമ നിർമാണത്തിലെ കണിശതയുമാണ് ചൂണ്ടിക്കാണിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.
മുൻ നിയമസഭാ സ്പീക്കറും ഫോർമർ എംഎൽഎ ഫോറം ചെയർമാനുമായ എം.വിജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫോറം ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ സ്വാഗതം ആശംസിച്ചു.
പാലൊളി മുഹമ്മദ് കുട്ടി, ഭാർഗവി തങ്കപ്പൻ, കെ.ആർ.ചന്ദ്രമോഹൻ, ആർ. ഉണ്ണികൃഷ്ണപിള്ള, സുന്ദരേശൻ നായർ, കെ.എ. ചന്ദ്രൻ, പി.എം. മാത്യു, എം.എം. ഹസൻ, ജോണി നെല്ലൂർ, എം.വിജയകുമാർ, വി.എം. സുധീരൻ, എൻ. ശക്തൻ, പാലോട് രവി, ജോസ് ബേബി തുടങ്ങിയവർ പ്രസംഗിച്ചു. ഫോർമർ എംഎൽഎ ഫോറം ട്രഷറർ എ.എൻ. രാജൻ ബാബു നന്ദി പറഞ്ഞു.